കേരളം

kerala

ETV Bharat / bharat

ഇന്ന് ദേശീയ പത്രപ്രവര്‍ത്തകദിനം; ദിനാചരണം സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമപ്രവര്‍ത്തനത്തിനുള്ള ആദരം - NATIONAL PRESS DAY HONOURING PRESS

എല്ലാ വര്‍ഷവും നവംബര്‍ 16 ദേശീയ പത്രപ്രവര്‍ത്തകദിനമായി ആചരിക്കുന്നു

NATIONAL PRESS DAY  Press Council of India  Journalism  Media
Representational image (Getty Images)

By ETV Bharat Kerala Team

Published : Nov 16, 2024, 8:38 AM IST

ഹൈദരാബാദ്:ഇന്ത്യയിലെ ജനാധിപത്യ സമൂഹത്തില്‍ സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമപ്രവര്‍ത്തനത്തെ ആദരിക്കാനായാണ് എല്ലാക്കൊല്ലവും നവംബര്‍ പതിനാറ് ദേശീയ പത്രപ്രവര്‍ത്തക ദിനമായി ആചരിക്കുന്നത്. ഇതേ ദിവസമാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തനം തുടങ്ങിയതും. രാജ്യത്തെ മാധ്യമരംഗം ഇന്നത മൂല്യങ്ങള്‍ പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാനും ഏതെങ്കിലും ഭീഷണികള്‍ക്കോ സ്വാധീനങ്ങള്‍ക്കോ വഴിപ്പെടുന്നില്ലെന്നോ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചതിന്‍റെ അനുസ്‌മരണം കൂടിയാണ് ഈ ദിനാചരണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചരിത്രം:1966 ജൂലൈ നാലിനാണ് പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത്. സ്വതന്ത്രവും അര്‍ദ്ധ ജുഡീഷ്യല്‍ അവകാശവുമുള്ള ഒന്നായാണ് പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപീകരിച്ചത്. സുപ്രീം കോടതിയിലെ അന്നത്തെ ജഡ്‌ജി ആയിരുന്ന ജസ്റ്റിസ് ജെ ആര്‍ മുധോല്‍ക്കാര്‍ അധ്യക്ഷനായാണ് കൗണ്‍സില്‍ രൂപീകരിച്ചത്.

മാധ്യമരംഗത്തെ തൊഴില്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനായി ഈ വ്യവസായവുമായി ബന്ധപ്പെട്ടവരുള്‍പ്പെട്ട ഒരു സംവിധാനം ആവശ്യമാണെന്ന് 1956ലെ ആദ്യ പ്രസ്‌ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതാണ് 1966ല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പിറവിയിലേക്ക് നയിച്ചത്. അന്ന് മുതല്‍ നവംബര്‍ പതിനാറ് ദേശീയ പത്രപ്രവര്‍ത്തക ദിനമായി ആചരിച്ച് തുടങ്ങി. പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പിറവിയുടെ അനുസ്‌രമണമായാണ് ദിനാചരണം ആരംഭിച്ചത്.

ദേശീയ പത്രപ്രവര്‍ത്തന ദിനത്തിന്‍റെ പ്രാധാന്യം

  • ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തമായ പങ്കിനെക്കുറിച്ചുള്ള നിര്‍ണായകമായ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനാചരണം.
  • സ്വതന്ത്രവും നിയന്ത്രണങ്ങളില്ലാത്തതുമായ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റെ നിര്‍ണായക തൂണുകളാണ്. പൗരന്‍മാര്‍ക്ക് വിവരങ്ങളറിയാനും അഴിമതി പുറത്ത് കൊണ്ടുവരാനും തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനും ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായും മാധ്യമങ്ങള്‍ നിലകൊള്ളുന്നു.
  • ഇന്ത്യയുടെ സ്വാതന്ത്ര്യസമരപോരാട്ടങ്ങളില്‍ നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ വഹിച്ച പങ്ക് നിസ്‌തുലമാണ്. നമ്മുടെ രാജ്യത്തെ ഒരു ജനാധിപത്യ സംവിധാനത്തിലേക്ക് നയിച്ചതിലും പത്രമാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല.
  • ജനങ്ങള്‍ അനുഭവിക്കുന്ന ഏതൊരു നീതികേടും വെളിച്ചത്ത് കൊണ്ടുവരിക എന്നതാണ് മാധ്യമങ്ങളുടെ പ്രധാന ലക്ഷ്യം. സംവിധാനത്തിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടുക എന്നതും മാധ്യമങ്ങളുടെ ധര്‍മ്മമാണ്.

ദിനാചരണം എന്തിന്?

ജനാധിപത്യ സമൂഹത്തിലെ സ്വതന്ത്രവും ഉത്തരവാദ പൂര്‍ണവുമായ മാധ്യമങ്ങളുടെ പങ്കിനെ ആദരിക്കല്‍:

രാജ്യത്തെ സ്വതന്ത്രവും ഉത്തരവാദപൂര്‍ണവുമായ മാധ്യമങ്ങളുടെ സാന്നിധ്യത്തെയാണ് ഈ ദിനാചരണം അടയാളപ്പെടുത്തുന്നത്. സമൂഹത്തോടുള്ള മാധ്യമങ്ങളുടെ പ്രതിബദ്ധതയും ദിനാചരണത്തിലൂടെ അരക്കിട്ട് ഉറപ്പിക്കുന്നു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം തുടങ്ങിയത് ഇതേ ദിവസം തന്നെയാണ്.

മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം:

ജനാധിപത്യത്തിന്‍റെ നാലാം തൂണെന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. മാധ്യമങ്ങള്‍ സമൂഹത്തിന്‍റെ കണ്ണാടിയാണ്. പ്രതികൂല സാഹചര്യങ്ങളിലും സത്യം പുറത്ത് കൊണ്ടുവരുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍.

മാധ്യമസ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു:

ഒരു സമൂഹത്തില്‍ സുതാര്യത, കൃത്യത തുടങ്ങിയ മൂല്യങ്ങളിലൂന്നിയ സ്വതന്ത്രവും നിഷ്‌പക്ഷവുമായ മാധ്യമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് ഈ ദിനാചരണത്തിലൂടെ. തീരുമാനങ്ങളെടുക്കുന്നതിനാവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിലും മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

മൂല്യാധിഷ്‌ഠിത മാധ്യമ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുക:

പൊതുതാത്പര്യ സംരക്ഷണത്തിനായി മൂല്യാധിഷ്‌ഠിതവും ഉത്തരവാദിത്തവും പ്രതിബദ്ധതയുമുള്ള മാധ്യമ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്നതും ദിനാചരണത്തിന്‍റെ ലക്ഷ്യമാണ്.

പത്രസ്വാതന്ത്ര്യം സംരക്ഷിക്കാനായി സര്‍ക്കാരിന് മേല്‍ അധികാരം പ്രയോഗിക്കാനുള്ള സ്വതന്ത്ര സംവിധാനമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിലകൊള്ളുന്നു. ലോകത്ത് അന്‍പതിലേറെ രാജ്യങ്ങളില്‍ പ്രസ് കൗണ്‍സിലോ മീഡിയോ കൗണ്‍സിലോ ഉണ്ട്.

മാധ്യമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍

നമ്മുടെ രാജ്യത്ത് പത്രസ്വതന്ത്ര്യം ഭരണഘടനാപരമായി തന്നെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മൗലികാവകാശത്തിലെ അനുച്‌ഛേദം19(1)(a)ആവിഷ്ക്കാര സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു.

1978ലെ പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യ ആക്‌ട്

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ 1978ല്‍ കൊണ്ടുവന്ന നിയമമാണിത്. ഇതിന് പുറമെ പത്രങ്ങളുടെയും വാര്‍ത്താ ഏജന്‍സികളുടെയും നലവാരം മെച്ചപ്പെടുത്താനും സംരക്ഷിക്കാനും നിയമം ലക്ഷ്യമിടുന്നു.

Also Read:'വാര്‍ത്തകളില്‍ ഓര്‍മകള്‍ കൂടി ചേരണം, ഇസ്രയേൽ പലസ്‌തീൻ യുദ്ധത്തിൽ കാണുന്നത് ആഗോള മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്'; ശശി കുമാര്‍

ABOUT THE AUTHOR

...view details