ബ്രിക്രം(ബിഹാര്‍):ദലിതരുടെയും പിന്നാക്കവിഭാഗക്കാരുടെയും സംവരണാവകാശങ്ങള്‍ കട്ടെടുക്കാനുള്ള ഇന്ത്യ സഖ്യത്തിന്‍റെ ശ്രമങ്ങള്‍ ചെറുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്ലീം വോട്ടുബാങ്കിന് വേണ്ടി അവര്‍ അടിമകളാകുന്നുവെന്നും മുഗള്‍ നൃത്തമായ മുജ്ര ആടുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
പാടലീപുത്ര ലോക്‌സഭ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗക്കാരുടെ ക്വാട്ടകള്‍ ആര്‍ജെഡിയും കോണ്‍ഗ്രസും പോലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അട്ടിമറിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സാമൂഹ്യനീതിക്ക് വേണ്ടി പുത്തന്‍ പോരാട്ടങ്ങള്‍ രചിച്ച ഭൂമികയാണ് ബീഹാര്‍. പിന്നാക്കക്കാരുടെ അവകാശങ്ങള്‍ കവര്‍ന്ന് മുസ്ലീങ്ങള്‍ക്ക് സമ്മാനിക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്‍റെ എല്ലാ നീക്കങ്ങളെയും ചെറുക്കുമെന്ന് ഈ മണ്ണില്‍ വച്ച് താന്‍ ദൃഢപ്രതിജ്ഞ എടുക്കുകയാണ്. വോട്ട് ജിഹാദിന് വേണ്ടിയാണ് പ്രതിപക്ഷം നിലകൊള്ളുന്നത്. ചില മുസ്ലീം വിഭാഗങ്ങളെ മറ്റ് പിന്നാക്ക വിഭാഗ പട്ടികയില്‍ പെടുത്താനുള്ള പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റെ ശ്രമം കല്‍ക്കട്ട കോടതി തള്ളിയതിനെയും അദ്ദേഹം എടുത്ത് കാട്ടി.
രണ്ട് പ്രാവശ്യം ബിജെപിയുടെ ബാനറില്‍ ലോക്‌സഭയിലെത്തിയ രാം കൃപാല്‍യാദവിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു മോദി. ചിലര്‍ ഭഗവാന്‍ രാമന്‍റെ പേരില്‍ ഇവിടെ തര്‍ക്കത്തിലാണ്. അവര്‍ ചിലപ്പോള്‍ ഈ നീരസം രാം കൃപാലിനോടും കാട്ടിയേക്കാം.