2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപിക്ക് നൽകിയത് പതിവിലും വ്യത്യസ്‌തമായ ഫലമായിരുന്നു. മോദിയുടെ 400ലധികം സീറ്റെന്ന അവകാശവാദത്തെയും 2019ലെ ഭൂരിപക്ഷത്തെയും തകർത്തെറിഞ്ഞ ഫലമാണ് ബിജെപിക്ക് ഇക്കുറി ഉണ്ടായതെന്ന് നമ്മൾ കണ്ടു. ഇത്തവണ കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകളുടെ കുറവു വന്ന ബിജെപി സഖ്യകക്ഷികളെ കൂട്ടുപിടിച്ചാണല്ലോ സർക്കാർ രൂപീകരിച്ചത്.
പുതുതായി അധികാരമേറ്റ മോദി 3.0 സർക്കാർ സഖ്യ സർക്കാരാണെന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ അത് പഴയ രീതിയിൽ തന്നെ പ്രവർത്തിക്കുമോ അതോ പുതിയ പ്രവർത്തനരീതി സ്വീകരിക്കുമോ എന്നതറിയാനാണ് രാജ്യം മുഴുവനും കാത്തിരിക്കുന്നത്. ഇനിയുള്ള മോദി ഭരണം എങ്ങനെ ആയിരിക്കാം, എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കാം എന്നതിനെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
തുടർച്ചയായി മൂന്നാം തവണയും മോദി സർക്കാർ അധികാരമേറ്റു. ഭരണം മുൻ വ്യവസ്ഥകൾ പോലെ തന്നെ ആയിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നമുക്ക് എന്തൊക്കെ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനാകും?.
തീർച്ചയായും ഇനിയുള്ള ഭരണം കഴിഞ്ഞ 10 വർഷങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌തമായിരിക്കും. മോദി തൻ്റെ ആദ്യ ടേമിൽ വന്നത് വികസനാധിഷ്‌ഠിത പരിപാടിയുമായാണ്. അന്ന് 32 ശതമാനം വോട്ട് വിഹിതം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
തുടർന്ന്, 2019 ൽ പാർട്ടി വോട്ട് വിഹിതം 37 ശതമാനമായി ഉയർത്തി 303 സീറ്റുകൾ നേടി. എന്നാൽ പിന്നീട് അജണ്ട തന്നെ മാറി. രണ്ടാം ടേമിന്‍റെ അവസാനമായപ്പോഴേക്കും രാജ്യം കൂടുതൽ ആക്രമണാത്മകമായി. സാമുദായികമായ അക്രമണങ്ങളാണ് മോദി സർക്കാർ അഴിച്ചുവിട്ടത്. പൗരത്വ ഭേദഗതി നിയമവും ആർട്ടിക്കിൾ 370 ഉം ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളോടുള്ള യുദ്ധവും ഇത്തവണ ജനവിധി മോദിക്കെതിരാക്കി.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് നിയമനിർമാണം തടയാൻ ശ്രമിച്ചു. പ്രമുഖ രാഷ്ട്രീയക്കാർക്കെതിരെ ഏജൻസികളെ അഴിച്ചുവിട്ടു. ശത്രുതാപരമായ രീതിയിലായിരുന്നു മോദി സർക്കാരിന്‍റെ പെരുമാറ്റം. എന്നാൽ ബിജെപിയെ എതിർക്കുന്ന പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഇനി രണ്ടു കാരണങ്ങളാൽ ആശ്വസിക്കാം.
ആദ്യത്തേത് ചന്ദ്രബാബു നായിഡുവും രണ്ടാമത്തേത് നിതീഷ് കുമാറും തന്നെ. ഇരുവരും നേരത്തെ ബിജെപിയെരൂക്ഷമായി വിമർശിച്ചിരുന്നു. ആന്ധ്രാപ്രദേശിനും ബിഹാറിനും പ്രത്യേക പദവി നൽകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഇരുവരും അവരുടെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്‌ദമുയർത്തിയിരുന്നു.
അതുകൊണ്ട് ഇരുവരുടെയും ബലത്തിൽ മാത്രം നിൽക്കുന്ന മോദിക്കും അമിത് ഷായ്ക്കും ഇനി പഴയ രീതിയിലുള്ള ഭരണം ബുദ്ധിമുട്ടായിരിക്കും. പഴയ രീതിയിൽ അവർക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു.
ശക്തനും അനുഭവസമ്പത്തുള്ള നേതാവാണ് ചന്ദ്രബാബു നായിഡു. സ്വന്തം ശക്തിയിൽ വിജയിച്ച പാർട്ടിയാണ് ടിഡിപി. നിതീഷ് കുമാറിൻ്റെ ജെഡിയുവിന് ബിജെപിയുമായും മറ്റ് പാർട്ടികളുമായുള്ള സഖ്യത്തിൽ സീറ്റുകൾ ലഭിച്ചിട്ടുണ്ട്. സർക്കാരിനുള്ളിൽ വിലപേശൽ നടക്കും. കാരണം ടിഡിപിയിലും ജെഡിയുവിലും ഉള്ള മന്ത്രിമാർ ഇനി ഡമ്മികളാകില്ല.
മാധ്യമങ്ങളുടെ കവറേജിനെക്കുറിച്ചും എക്‌സിറ്റ് പോളുകളെക്കുറിച്ചും എന്താണ് പറയാനുള്ളത്?
എക്‌സിറ്റ് പോളുകൾ എങ്ങനെയാണ് ഇത്രയും തെറ്റായി വന്നതെന്ന് എനിക്കറിയില്ല. എക്‌സിറ്റ് പോളുകൾ യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയായിരുന്നു. സത്യസന്ധരായ പല മാധ്യമപ്രവർത്തകർ വസ്‌തുതകളുമായി രംഗത്തെത്തിയിരുന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിന് ശേഷവും ദ ഹിന്ദുവിൽ ബിജെപി 250-ൽ താഴെയാകും സീറ്റ് ലഭിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. വിശ്വസനീയമായ കണ്ടെത്തലുകളുമായി വന്നിരുന്ന ആക്‌സിസ് മൈ ഇന്ത്യയുടെ വരെ ഫലങ്ങൾ ഇത്തവണ പാളി.