കേരളം

kerala

ETV Bharat / bharat

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ആർഎസ്എസിനെ പ്രീണിപ്പിക്കാനുള്ള ശ്രമം; പ്രതിഷേധവുമായി ലീഗും മറ്റ് മുസ്ലീം സാമുദായിക സംഘടനകളും - PROTEST OVER CM MALAPPURAM REMARK - PROTEST OVER CM MALAPPURAM REMARK

മലപ്പുറത്തെ ഹവാല, സ്വര്‍ണക്കടത്തുകള്‍ക്കു പിന്നില്‍ ദേശ വിരുദ്ധ ശക്തികളെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലാണ് പ്രതിഷേധം കനക്കുന്നത്. ഒരു ദേശീയ ദിനപത്രത്തിനനുവദിച്ച അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.

CM PINARAYI MALAPPURAM REMARK  PV ANVAR POLITICAL CONTROVERSY  PV ANVAR AGAINST CM  MUSLIM LEAGUE AGAINST CM PINARAYI
Protests Erupts Over Chief Minister's Malappuram Remark (ETV Bharat)

By ETV Bharat Kerala Team

Published : Sep 30, 2024, 10:05 PM IST

Updated : Sep 30, 2024, 11:03 PM IST

തിരുവനന്തപുരം: പി വി അന്‍വറുയർത്തിയ സ്വര്‍ണക്കടത്താരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ ദിനപത്രത്തിനനുവദിച്ച അഭിമുഖത്തിലെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു. മലപ്പുറത്തെ സ്വര്‍ണക്കടത്തിനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് മുസ്ലീം ലീഗിനെയും മറ്റു മുസ്ലീം സാമുദായിക സംഘടനകളെയും ക്ഷുഭിതരാക്കിയിരിക്കുന്നത്. തീവ്ര മുസ്ലീം സംഘടനകള്‍ക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി മുസ്ലീം സമുദായത്തിനെതിരാണെന്ന് വരുത്തിതീർക്കാന്‍ ശ്രമം നടക്കുന്നതായി അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്

'മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ 5 വര്‍ഷത്തിനിടെ പൊലീസ് പിടികൂടിയത് 150 കിലോ കള്ളക്കടത്തു സ്വര്‍ണവും 123 കോടി രൂപയുടെ ഹവാല പണവുമാണ്. ഈ പണവും സ്വര്‍ണവും കേരളത്തിലേക്കെത്തുന്നത് സംസ്ഥാന വിരുദ്ധ, ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ്. സിപിഎമ്മിന് ആര്‍എസ്എസിനോട് മൃദു സമീപനമാണെന്ന ആരോപണം ഉയരുന്നത് ഇത്തരം ദേശവിരുദ്ധ ശക്തിക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോഴാണ്. ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ യുഡിഎഫ് മനപൂര്‍വ്വം ഇത്തരം തെറ്റായ ആരോപണങ്ങള്‍ പടച്ചു വിടുകയാണ്. ഇത് അവരുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണെന്നും മുഖ്യമന്ത്രി അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.

CM Pinarayi Vijayan (ETV Bharat)

അതേസമയം, ദീര്‍ഘകാലമായി സംഘപരിവാറും ആര്‍എസ്എസും ബിജെപിയും മലപ്പുറം ജില്ലയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് മുഖ്യമന്ത്രി ഉന്നയിച്ച ഇതേ ആരോപണങ്ങളുയര്‍ത്തിയാണെന്ന് ലീഗും മറ്റ് മുസ്ലീം സംഘടനകളും ചൂണ്ടിക്കാട്ടി. സംഘപരിവാറിന്‍റെ അതേ ആരോപണങ്ങള്‍ ഒരു ദേശീയ ദിനപത്രത്തിലൂടെ ഉയര്‍ത്തുക വഴി ഉത്തരേന്ത്യയിലെ സംഘപരിവാറിനും ബിജെപി ദേശീയ നേതൃത്വത്തിനും ന്യൂനപക്ഷങ്ങള്‍ക്കെതിരായി പുതിയൊരായുധം മുഖ്യമന്ത്രി തന്നെ നല്‍കുകയാണെന്ന് ഇവർ ആരോപിച്ചു.

ഇത് ബിജെപി- ആര്‍എസ്എസ് നേതൃത്വത്തെ സന്തോഷിപ്പിച്ച് നിലവിലെ കേസുകളില്‍ നിന്ന് മുഖ്യമന്ത്രിക്കും കുടുംബത്തിനും രക്ഷപ്പെടുന്നതിനുള്ള നീക്കമാണെന്നും മലപ്പുറത്തെ സിപിഎമ്മിന്‍റെ രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നുണ്ട്. തൃശൂരില്‍ ബിജപിക്ക് ഒരു സീറ്റ് നേടിക്കൊടുക്കുന്നതിനു വേണ്ടി എഡിജിപി എം ആര്‍ അജിത്കുമാറിനെ ഉപയോഗിച്ച് തൃശൂര്‍ പൂരം അട്ടിമറിച്ചു എന്ന ആരോപണം മുഖ്യമന്ത്രിക്കെതിരെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവ വികാസങ്ങള്‍.

PV Anvar MLA (ETV Bharat)

ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ എഡിജിപിയെ സർക്കാർ സംരക്ഷിക്കുന്നത്, മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു അത്തരം ചര്‍ച്ചകള്‍ നടത്തിയത് എന്നതിനുള്ള തെളിവാണെന്നും പ്രതിപക്ഷം പറയുന്നു. ഇത്തരം ആരോപണങ്ങൾ ന്യൂനപക്ഷങ്ങളെ അസ്വസ്ഥമാക്കുന്നതിനിടയിലാണ് മലപ്പുറം ജില്ലയെ ദേശവിരുദ്ധ ശക്തികളാക്കിയെന്ന പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. പൂരം വിവാദത്തില്‍ മനസില്‍ മുറിവേറ്റിരിക്കുന്ന ന്യൂനപക്ഷങ്ങളുടെ മുറിവില്‍ മുളകു പുരട്ടുന്നതിനു സമാനമാണെന്ന് ഇതെന്ന വിലയിരുത്തല്‍ നിരീക്ഷകരില്‍ പൊതുവേയുണ്ട്.

മലപ്പുറത്തെ ഹവാല സ്വര്‍ണക്കടത്തില്‍ ദേശ വിരുദ്ധ ശക്തികള്‍ ആരൊക്കെയെന്ന് മുഖ്യമന്ത്രി അടിയന്തിരമായി വെളിപ്പെടുത്തണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സികള്‍ എടുത്ത കേസുകള്‍ എന്തായെന്നും അതില്‍ പലതിനും ദേശ വിരുദ്ധ സ്വഭാവമില്ലേയെന്നും ലീഗ് നേതാക്കള്‍ ചോദിക്കുന്നുണ്ട്.

Muslim League State general Secretary PMA Salam (ETV Bharat)

എഡിജിപി എംആര്‍ അജിത്കുമാറില്‍ തുടങ്ങി പി വി അന്‍വര്‍ കൊളുത്തിവിട്ട ആരോപണങ്ങള്‍ പതിക്കേണ്ടിടത്തു പതിച്ചു എന്നതിന്‍റെ തെളിവായി മുഖ്യമന്ത്രിയുടെ അഭിമുഖത്തെ വിലയിരുത്തുന്നവരുണ്ട്. സിപിഎം ആര്‍എസ്എസുമായി സന്ധി ചെയ്യുന്ന പ്രസ്ഥാനമാണെന്ന അന്‍വറിന്‍റെ ആരോപണത്തെ ചെറുക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യമെങ്കിലും സാധാരണ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അത് സിപിഎമ്മിന്‍റെയും പിണറായി വിജയന്‍റെയും മതേതര പ്രതിഛായയക്ക് വന്‍ തോതില്‍ പോറല്‍ ഏല്‍പ്പിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവനാഴിയില്‍ ഒരുക്കിയെടുക്കുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് അത്ര എളുപ്പമാകില്ലെന്നും വിലയിരുത്തലുണ്ട്.

Also Read:'സിപിഎം വെല്ലുവിളിച്ചാല്‍ ഏറ്റെടുക്കും, മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരനാക്കി': പിവി അന്‍വര്‍

Last Updated : Sep 30, 2024, 11:03 PM IST

ABOUT THE AUTHOR

...view details