മുംബൈ : ജയിലിനുള്ളില്‍ ലാപ് ടോപ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പൊലീസുദ്യോഗസ്ഥന്‍. വ്യവസായി മാന്‍സുഖ് ഹിരണ്‍ കൊലപാതകം അടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ പൊലീസുകാരന്‍ സച്ചിന്‍ വാസെ ആണ് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പുസ്‌തക രചനയ്ക്കായി ലാപ്‌ടോപ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം (Sachin Waze).
താന്‍ മറാത്തിയിലും ഹിന്ദിയിലുമായി ഇതിനകം നിരവധി പുസ്‌തകങ്ങള്‍ എഴുതിയിട്ടുണ്ടെന്നും എഴുതി തയാറാക്കി നല്‍കിയ ഹര്‍ജിയില്‍ സച്ചിന്‍ ചൂണ്ടിക്കാട്ടുന്നു. 26/11ലെ മുംബൈ ആക്രമണത്തെക്കുറിച്ച് താനെഴുതിയ പുസ്‌തകം മറാത്തിയില്‍ നിന്ന് ഇംഗ്ലണ്ടിലെ പ്രശസ്‌തനായ ഒരു എഴുത്തുകാരന്‍ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ അവകാശപ്പെടുന്നു. ഈ തടവുകാലത്ത് തന്‍റെ പുസ്‌തകങ്ങളുടെ നിരവധി എഡിഷനുകളും പുറത്ത് വന്നിട്ടുണ്ട്.
ഭീകരവിരുദ്ധ നിയമങ്ങളെക്കുറിച്ച് ഒരു പുസ്‌തകം എഴുതാനുള്ള ശ്രമത്തിലാണ് താനിപ്പോഴെന്നും വാസെ പറഞ്ഞു. ഇതിനായി ഇതിനകം തന്നെ 35000 പേജുകള്‍ എഴുതിക്കഴിഞ്ഞു. ഇതിനായി 20000ത്തിലധികം വിധിന്യായങ്ങള്‍ വായിച്ചു. കമ്പ്യൂട്ടറില്ലാതെ കാര്യങ്ങള്‍ വിശകലനം ചെയ്യാനും മറ്റും സാധ്യമാകുന്നില്ല. വലിയ തോതില്‍ ഇന്‍റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എംഎസ് ഓഫിസ് പോലുള്ള ടൈംപ്പിങ് ഉപകരണങ്ങളും തനിക്കാവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ ഒരു കമ്പ്യൂട്ടര്‍ തനിക്ക് അത്യാവശ്യമാണ്. അത് ലാപ്ടോപ്പ് ആയാല്‍ കൂടുതല്‍ സൗകര്യപ്രദമായിരിക്കും എന്നാണ് ഹര്‍ജിയിലെ ആവശ്യം (Waze seeks laptop in jail to write book).
എന്നാല്‍ ജയില്‍ അധികൃതര്‍ ഈ ആവശ്യത്തെ കോടതിയില്‍ എതിര്‍ത്തു. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണിത്. പൊലീസുകാരനെന്ന നിലയില്‍ സേവനങ്ങള്‍ നടത്തിയ വ്യക്തിയാണ് ഹര്‍ജിക്കാരന്‍. എന്നാല്‍ ഇപ്പോള്‍ ഇദ്ദേഹം അനധികൃത പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളയാളാണെന്നും ജയിലധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ലാപ്‌ടോപ് അനുവദിച്ചാല്‍ പിന്നാലെ വേറെയും ആവശ്യങ്ങളുമായി രംഗത്ത് എത്തുമെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭരണകൂട വിരുദ്ധ ഗൂഢാലോചനയ്ക്കും കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നും ജയിലധികൃതര്‍ കോടതിയെ ബോധിപ്പിച്ചു.