ന്യൂഡൽഹി: നോയിഡ പൊലീസ് ഡൽഹിയിൽ നിന്ന് വൻ തോതിൽ ചൈനീസ് നിർമ്മിത ഇ-സിഗരറ്റുകൾ പിടികൂടിയ പശ്ചാത്തലത്തിൽ ബോധവൽകരണ പരിപാടികളുമായി ഒരുപറ്റം അമ്മമാരുടെ കൂട്ടായ്‌മ. 'മദേഴ്‌സ് എഗൈന്‍സ്‌റ്റ് വേപ്പിങ്' എന്ന കൂട്ടായ്‌മയാണ് നീക്കത്തിന് പിന്നിൽ. ഇ-സിഗരറ്റിൻ്റെ ഭീഷണിക്കെതിരെ സുസ്ഥിരമായ ജാഗ്രത എന്ന ലക്ഷ്യത്തോടെ ഒരുപറ്റം അമ്മമാരും ആരോഗ്യ വിദഗ്‌ധരും ചേർന്നാണ് കൂട്ടായ്‌മയ്‌ക്ക് രൂപം കൊടുത്തത് (Mothers Against Vaping Against E Cigarettes).
"ഇ-സിഗരറ്റ്, വേപ്‌സ് തുടങ്ങിയ ആധൂനിക ഉപകരണങ്ങളുടെ വ്യാപനം നിയന്ത്രിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു, നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കൽ വഴി ഈ നിരോധിത ഉൽപ്പന്നങ്ങളിൽ നിന്ന് നമ്മുടെ രാജ്യത്തെ കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കേണ്ടതുണ്ട്." 'മദേഴ്‌സ് എഗെയ്ൻസ്‌റ്റ് വേപ്പിങ്' പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
എളുപ്പത്തിലുള്ള ലഭ്യത: ഈ നവീന ഉപകരണങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയും ഗ്ലാമറൈസേഷനും യുവാക്കളെ ആസക്തിയുടെ കെണിയിലേക്ക് ആകർഷിക്കുന്നതായി നോയിഡയിലെ ഫോർട്ടിസ് ഹെൽത്ത്‌കെയറിലെ പൾമണോളജി ആൻഡ് ക്രിട്ടിക്കൽ കെയർ അഡീഷണൽ ഡയറക്‌ടർ ഡോ. രാജേഷ് ഗുപ്‌ത പറഞ്ഞു. "ഇവ പിടിച്ചെടുക്കാനും ജാഗ്രത പുലർത്താനും പൊലീസും സർക്കാരും സ്വീകരിച്ച നടപടികൾ പ്രശംസനീയമാണ്, എന്നാൽ കൂടുതൽ കാര്യങ്ങൾ ഇനിയും ചെയ്യേണ്ടതുണ്ട്. തുടർച്ചയായ പിടിച്ചെടുക്കൽ അത്യന്താപേക്ഷിതമാണെങ്കിലും, വേപ്പിങ്ങിൻ്റെ ആരോഗ്യ പ്രത്യാഘാതങ്ങളെപ്പറ്റി ബോധവൽക്കരണം നടത്തുക എന്നതും അതുപോലെതന്നെ പ്രധാനമാണ്." രാജേഷ് ഗുപ്‌ത പറഞ്ഞു.