റാഞ്ചി (ജാർഖണ്ഡ്): കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി തുടർച്ചയായി രണ്ടാം ദിവസവും ഇഡിക്ക് മുന്നിൽ ഹാജരായി. ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവാണ് രണ്ടാം ദിവസവും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് (ED) മുന്നിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഹാജരായത് (Congress MP Dhiraj Sahu appeared before the ED for the second consecutive day).
ഭൂമി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇദ്ദേഹത്തെ ഇഡി ഉദ്യോഗസ്ഥർ ശനിയാഴ്‌ച 11 മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാൽ ഇദ്ദേഹത്തെ വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരാകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെയും അടുത്തിടെ ഏജൻസി അറസ്‌റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ ജെഎംഎം എക്‌സിക്യൂട്ടീവ് പ്രസിഡൻ്റിൻ്റെ ഡൽഹിയിലെ വസതിയിൽ നിന്നും ആഡംബര കാർ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസും സാഹുവിൻ്റെ മൊഴിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇഡി അന്വേഷിച്ചുവരികയാണ്.