ബരാക്‌പൂര്‍ (പശ്ചിമ ബംഗാൾ) : 'നുഴഞ്ഞുകയറ്റക്കാര്‍' പരാമര്‍ശം ആവര്‍ത്തിച്ച് നരേന്ദ്ര മോദി. ബരാക്‌പൂരിലെ റാലിക്കിലിടെയാണ് തൃണമൂൽ കോൺഗ്രസിനെ വിമര്‍ശിച്ച് കൊണ്ട് മോദിയുടെ പരാമര്‍ശം. മമത ബാനർജി ഭരണത്തിന് കീഴിൽ നുഴഞ്ഞുകയറ്റക്കാർ തഴച്ചുവളരുകയാണെന്നും പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്നും മോദി പറഞ്ഞു.
'ബംഗാളിലെ ജനങ്ങൾക്ക് അഞ്ച് ഉറപ്പുകൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു: - മതത്തിന്‍റെ അടിസ്ഥാനത്തിൽ ആർക്കും സംവരണം നൽകാൻ കഴിയില്ല. എസ്‌സി, എസ്‌ടി, ഒബിസി എന്നിവർക്കുള്ള സംവരണത്തില്‍ ആരും തൊടില്ല. രാമനവമി ആഘോഷിക്കുന്നതിൽ നിന്ന് നിങ്ങളെ ആരും തടയില്ല. രാമക്ഷേത്രത്തിലെ സുപ്രീം കോടതി വിധി ആര്‍ക്കും റദ്ദാക്കാനാകില്ല. സിഎഎ നടപ്പാക്കുന്നത് ആർക്കും തടയാൻ കഴിയില്ല.'- പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ സുപ്രീം കോടതിയുടെ രാമക്ഷേത്ര വിധി മറികടക്കുമെന്ന് രാഹുൽ ഗാന്ധി പ്രതിജ്ഞയെടുത്തുവെന്ന് കോൺഗ്രസിന്‍റെ മുന്‍ നേതാവ് ആചാര്യ പ്രമോദ് കൃഷ്‌ണൻ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാമക്ഷേത്ര വിധിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശം.
സംസ്ഥാനത്ത് ടിഎംസിയുടെ സംരക്ഷണത്തിലാണ് നുഴഞ്ഞുകയറ്റക്കാർ തഴച്ചുവളരുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. 'ബംഗാളിൽ നിരവധി ശാസ്‌ത്ര കണ്ടുപിടുത്തങ്ങൾ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ടിഎംസിയുടെ ഭരണത്തിന് കീഴില്‍ ബോംബ് നിർമ്മാണത്തിന്‍റെ ആഭ്യന്തര വ്യവസായമാണ് പലയിടത്തും പ്രവർത്തിക്കുന്നത്. നുഴഞ്ഞുകയറ്റക്കാർക്കെതിരെ ബംഗാൾ കലാപം നടത്തിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ടിഎംസിയുടെ സംരക്ഷണത്തിലാണ് നുഴഞ്ഞുകയറ്റക്കാർ ഇവിടെ തഴച്ചുവളരുന്നത്'-മോദി പറഞ്ഞു.
പ്രതിപക്ഷം സിഎഎയെ വില്ലൻ ആയി ചിത്രീകരിച്ചു എന്ന് ആപരോപിച്ച മോദി, സിഎഎ എന്നത് പൗരത്വം നൽകുന്നത് ആണെന്ന് വിശദീകരിച്ചു. ബംഗാളിൽ ഒരു സാധാരണക്കാരന് തന്‍റെ വിശ്വാസം പിന്തുടരുന്നത് ബുദ്ധിമുട്ടാണെന്നും മോദി ആരോപിച്ചു. ടിഎംസിയുടെ ഗുണ്ടകൾ സന്ദേശ്ഖാലിയിലെ സ്‌ത്രീകളെ ഭീഷണിപ്പെടുത്തുകയാണെന്നും കുറ്റവാളികളെ നിയമനടപടികളിൽ സംരക്ഷിക്കാന്‍ ടിഎംസി പരമാവധി ശ്രമിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാളിലെ അധ്യാപക റിക്രൂട്ട്‌മെന്‍റ് കേസ് സംബന്ധിച്ചും മോദി വിമര്‍ശനം ഉന്നയിച്ചു.
Also Read :മോദി ഗ്യാരണ്ടിക്ക് കെജ്‌രിവാളിന്‍റെ ബദല്‍; സൗജന്യ വൈദ്യുതി ഉള്‍പ്പടെ 10 വാഗ്‌ദാനങ്ങള്‍ - Arvind Kejriwal 10 Guarantees
മെയ് 13 ന് നടക്കുന്ന നാലാം ഘട്ട തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ എട്ട് ലോക്‌സഭ സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കും. 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് 34 സീറ്റുകൾ നേടിയിരുന്നു. ബിജെപിക്ക് അന്ന് 2 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. സിപിഎം 2 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 4 സീറ്റുകൾ നേടി. എന്നാല്‍ 2019ല്‍ ബിജെപി 18 സീറ്റുകൾ നേടിയിരുന്നു. ടിഎംസിക്ക് 22 സീറ്റുകളാണ് അന്ന് ലഭിച്ചത്.