ന്യൂഡല്‍ഹി :രാജ്യത്ത് അതിവേഗ നഗരവൽക്കരണം നടക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റില്‍ പറഞ്ഞു. മെട്രോ റെയിലിനും നമോ ഭാരത് ട്രെയിനുകൾക്കും വിഹിതം വര്‍ദ്ധിപ്പിച്ചതായി 2024 - 25 ലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിര്‍മല സീതാരാമൻ പറഞ്ഞു (Budget 2024). ട്രാൻസിറ്റ് അധിഷ്‌ഠിത വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വലിയ നഗരങ്ങൾ ഈ സംവിധാനങ്ങളുടെ വിപുലീകരണത്തെ പിന്തുണയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റമായ (ആർആർടിഎസ്) നമോ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്‌തു. “ഞങ്ങൾക്ക് അതിവേഗം വികസിക്കുന്ന മധ്യവർഗമുണ്ട്, അതുകൊണ്ടുതന്നെ അതിവേഗം നഗരവൽക്കരണവും നടക്കും,” എന്ന് നിര്‍മല സീതാരാമൻ പറഞ്ഞു.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിനം ഒരു കോടി യാത്രക്കാർ മെട്രോ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട് (One Crore Passengers Are Riding Metro Systems Per Day). രാജ്യത്തെ 20 നഗരങ്ങളിലായി 895 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മെട്രോ സംവിധാനങ്ങളുടെ പ്രവർത്തന ദൈർഘ്യം ഏകദേശം 986 കിലോമീറ്ററാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.