ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ പന്ത്രണ്ടാം ക്ലാസിലെ രാഷ്‌ട്രതന്ത്ര പാഠപുസ്‌തകത്തില്‍ ബാബറി മസ്‌ജിനെക്കുറിച്ച് പേര് പറയാതെ പരാമര്‍ശം. മൂന്ന് താഴികക്കുടങ്ങളുള്ള നിര്‍മ്മിതി എന്ന് മാത്രമാണ് മസ്‌ജിനെക്കുറിച്ച് പറയുന്നത്. പുതിയ പുസ്‌തകത്തില്‍ ചരിത്രപ്രാധാന്യമുള്ള പള്ളിയുടെ തകര്‍ക്കല്‍ നാല് പേജില്‍ നിന്ന് രണ്ട് പേജായി എന്‍സിഇആര്‍ടി ചുരുക്കിയിട്ടുമുണ്ട്.
ഇതിനെ ന്യായീകരിച്ച് എന്‍സിഇആര്‍ടി മേധാവി ദിനേശ് പ്രസാദ് സകലാനി രംഗത്ത് എത്തി. എല്ലാ വര്‍ഷവും പുസ്‌തകത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്‍റെ ഭാഗമാണിതെന്നും കോലാഹലങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും സകലാനി പ്രതികരിച്ചു. കലാപവും തകര്‍ക്കലും എന്തിനാണ് കുട്ടികളെ പഠിപ്പിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
ഗുജറാത്ത് കലാപവും ബാബറി മസ്‌ജിദ് തകര്‍ക്കലും എന്ത് കൊണ്ടാണ് പാഠപുസ്‌തകത്തില്‍ അപ്രധാനമായതെന്ന ചോദ്യത്തോട് അദ്ദേഹത്തിന്‍റെ പ്രതികരണം. നല്ല പൗരന്‍മാരെയാണ് നാം വാര്‍ത്തെടുക്കേണ്ടത്. അക്രമികളും വിഷാദികളുമായവരെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ കുട്ടികളെ കുറ്റവാളികളാകും വിധം പഠിപ്പിക്കേണ്ടതുണ്ടോ? സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കണോ? അവരെ അതിന് ഇരകളാക്കണോ? എന്നും അദ്ദേഹം ചോദിച്ചു. അതാണോ വിദ്യാഭ്യാസത്തിന്‍റെ ഉദ്ദേശ്യം.? കുട്ടികളെ നാം കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കണോ? വളരുമ്പോള്‍ അവര്‍ അതേക്കുറിച്ച് മനസിലാക്കട്ടെ, പാഠപുസ്‌തകങ്ങളില്‍ നാം അവ ഉള്‍പ്പെടുത്തേണ്ടതുണ്ടോ? വളരുമ്പോള്‍ അവര്‍ എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് സംഭവിച്ചതെന്നും അവര്‍ മനസിലാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1992 ഡിസംബറില്‍ കര്‍സേവകര്‍ തകര്‍ത്ത ബാബറി മസ്‌ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിന് കാരണമായ സുപ്രീം കോടതി വിധിയെക്കുറിച്ച് പക്ഷേ പുസ്‌തകത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. രാമക്ഷേത്രത്തിനോ ബാബറി മസ്‌ജിദിനോ രാമജന്മഭൂമിയ്‌ക്കോ അനുകൂലമായ വിധിയാണ് സുപ്രീം കോടതി നൽകിയതെങ്കിൽ, അത് നമ്മുടെ പാഠപുസ്‌തകങ്ങളിൽ ഉൾപ്പെടുത്തേണ്ടതില്ലേ, അതിൽ എന്താണ് പ്രശ്‌നമെന്നും ദിനേശ് പ്രകാശ് സകലാനി ചോദിച്ചു.