ന്യൂഡൽഹി : പ്രമുഖ മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തക മേധ പട്‌കറിനെതിരെ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേന നൽകിയ മാനനഷ്‌ടക്കേസിൽ 5 മാസത്തെ തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ്മയാണ് ഉത്തരവിട്ടത്. 23വര്‍ഷം മുമ്പുള്ള കേസിലാണ് ശിക്ഷ.
കേസിൽ രണ്ട് വർഷമാണ് പരമാവധി ശിക്ഷ ലഭിക്കുക. എന്നാൽ മേധ പട്‌കറിന്‍റെ ആരോഗ്യനില കണക്കിലെടുത്ത് അഞ്ച് മാസത്തെ തടവാണ് വിധിക്കുന്നതെന്ന് കോടതി പറഞ്ഞു. അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് നിർത്തിവയ്‌ക്കുന്നതായും കോടതി ഉത്തരവിട്ടു.
മെയ് 24-ന് സാകേത് കോടതി മേധ പട്‌കര്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. മേധ പട്‌കർ വികെ സക്‌സേനയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചത് അദ്ദേഹത്തിന്‍റെ സത്പേരിന് കോട്ടം വരുത്താൻ മാത്രമാണെന്ന് വ്യക്തമാണ് എന്നായിരുന്നു കോടതി നിരീക്ഷണം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 500-ാം വകുപ്പ് പ്രകാരമാണ് മേധ പട്‌കറെ കോടതി ശിക്ഷിച്ചത്.
2000 നവംബർ 25-ന് മേധ പട്‌കർ വി കെ സക്‌സേന ഹവാല ഇടപാട് നടത്തിയെന്ന് പ്രസ്‌താവിക്കുകയും അദ്ദേഹത്തെ ഭീരു എന്ന് വിളിക്കുകയും ചെയ്‌തിരുന്നു. വി കെ സക്‌സേന ഗുജറാത്തിലെ ജനങ്ങളെയും അവിടുത്തെ വിഭവങ്ങളെയും വിദേശ താത്പര്യങ്ങൾക്കായി പണയപ്പെടുത്തുകയാണ് എന്നും മേധ പട്‌കർ പറഞ്ഞു.