ന്യൂഡല്‍ഹി:പി വി നരസിംഹറാവു 1991ല്‍ തുടങ്ങിവെച്ചതും ഭാരതീയ ജനതാ പാര്‍ട്ടിയുടെ അടല്‍ ബിഹാരി വാജ്‌പേയി തുടര്‍ന്നു വന്നതുമായ പ്രായോഗിക വിദേശ നയം പിന്തുടരുകയായിരുന്നു മന്‍മോഹന്‍ സിങും. ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി പദത്തിലിരുന്ന കാലത്തെ ഏറ്റവും വലിയ വിദേശ നയനേട്ടമായി വിലയിരുത്തുന്നത് 2005 ല്‍ അമേരിക്കയുമായി ആണവ കരാറിലേര്‍പ്പെട്ടതാണ്. ഇത് ഇന്ത്യയുടെ ആണവ ഒറ്റപ്പെടലിന് അറുതിയുണ്ടാക്കിയെന്നും പരക്കെ വ്യാഖ്യാനിക്കപ്പെടുന്നു. ആണവ സാങ്കേതികത രാജ്യത്തിന് പ്രാപ്യമാക്കാനും അതുവഴി ജനകീയ ആവശ്യങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കാനും കഴിഞ്ഞു. ഇത് രാജ്യത്തെ ഊര്‍ജ്ജസുരക്ഷിതത്വത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വഴി തുറന്നു.
ഇന്തോ-അമേരിക്കന്‍ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഡോ. മന്‍മോഹന്‍ സിങ് വഹിച്ച പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നതാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ അദ്ദേഹത്തിന്‍റെ മരണത്തില്‍ അനുശോചിച്ച് പുറത്ത് വിട്ട കുറിപ്പ്. ഇന്ത്യാ-അമേരിക്ക തന്ത്രപരമായ പങ്കാളിത്തത്തില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് സിങ്ങെന്ന് അദ്ദേഹത്തിന്‍റെ അനുസ്‌മരണക്കുറിപ്പില്‍ പറയുന്നു. അദ്ദേഹം തീര്‍ത്ത അടിത്തറയിലാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇന്ന് കാണുന്ന മാറ്റങ്ങളുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ മുതല്‍ക്കൂട്ടായെന്നും ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടുന്നു. സിങ്ങിന്‍റെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ പേരിലാകും രാജ്യം അദ്ദേഹം അനുസ്‌മരിക്കുക എന്നും ബ്ലിങ്കന്‍ തന്‍റെ കുറിപ്പില്‍ പറയുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് മന്‍മോഹന്‍റെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ്. സിങിന്‍റെ മരണത്തില്‍ അമേരിക്ക അനുശോചിക്കുന്നു. ഇരുരാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ അദ്ദേഹം കാട്ടിയ പ്രതിബദ്ധത തങ്ങള്‍ എന്നും ഓര്‍ക്കുമെന്നും ബ്ലിങ്കന്‍ അനുസ്‌മരണക്കുറിപ്പില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2004 മുതല്‍ 2014 വരെ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്ന കാലത്ത് ഇന്ത്യയുടെ വിദേശനയം പ്രായോഗികതയുടെയും പ്രത്യയശാസ്‌ത്രത്തിന്‍റെയും ഒരു സമ്മേളനമായിരുന്നു. ആഗോളവേദിയില്‍ ഇന്ത്യയുടെ നില മെച്ചപ്പെടുന്നതിന്‍റെ സൂചനകൂടിയായിരുന്നു അത്. രാജ്യാന്തര കാര്യങ്ങളില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിക്കാന്‍ തുടങ്ങിയ കാലഘട്ടവുമായിരുന്നു അത്. പ്രാദേശിക ആഗോള വെല്ലുവിളികള്‍ നേരിട്ടു കൊണ്ട് സാമ്പത്തിക നയതന്ത്രം, തന്ത്രപരമായ പങ്കാളിത്തം, ബഹുരാഷ്‌ട്ര നിലപാടുകള്‍ എന്നിവയിലൂന്നിയുള്ളതായിരുന്നു മന്‍മോഹന്‍ സിങിന്‍റെ കാലഘട്ടം.
ഇന്ത്യയുടെ ലുക്ക് ഈസ്‌റ്റ് നയത്തിന്‍റെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. 1990 ന്‍റെ തുടക്കം മുതലാണ് നമ്മുടെ ലുക്ക് ഈസ്‌റ്റ് നയത്തിന് പ്രാരംഭം കുറിക്കുന്നത്. അന്ന് പ്രധാനമന്ത്രി ആയിരുന്ന നരസിംഹ റാവുവിന് കീഴില്‍ മന്‍മോഹന്‍ ധനമന്ത്രി ആയിരുന്നു. ആസിയാന്‍ രാജ്യങ്ങളും ജപ്പാനും ദക്ഷിണ കൊറിയയുമായുള്ള സാമ്പത്തിക-തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുക എന്നതായിരുന്നു ഈ നയത്തിന്‍റെ സുപ്രധാന ലക്ഷ്യം.
2009 ല്‍ ഇന്ത്യാ ആസിയാന്‍ സ്വതന്ത്ര വാണിജ്യ കരാറില്‍ ഒപ്പു വച്ചത് ഉഭയകക്ഷി വാണിജ്യത്തിന് കരുത്ത് പകരുന്നൊരു ചുവട് വയ്‌പായിരുന്നു. നിരവധി ആസിയാന്‍ അംഗരാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക സഹകരണ കരാറിനായി ചര്‍ച്ചകള്‍ നടന്നു. സിങിന്‍റെ കാലത്ത് ആസിയാന്‍ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വാണിജ്യം 2004 ല്‍ 13 ബില്യന്‍ കോടി ഡോളറായിരുന്നത് 2014 ആയപ്പോഴേക്കും 70 ബില്യന്‍ ഡോളറായി ഉയര്‍ന്നു. പൂര്‍വേഷ്യന്‍ സാമ്പത്തിക ശക്തികളായ ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം മന്‍മോഹന്‍റെ കാലത്ത് തെല്ല് ശമിച്ചിരുന്നു എന്നതും പറയാതെ വയ്യ. 2006 നവംബറില്‍ അന്നത്തെ ചൈനീസ് പ്രസിഡന്‍റ് ഹൂ ജിന്താവോ ഇന്ത്യ സന്ദര്‍ശിക്കുകയുമുണ്ടായി. അതേ തുടര്‍ന്ന് 2008 ജനുവരിയില്‍ മന്‍മോഹന്‍ ബീജിങ്ങും സന്ദര്‍ശിച്ചു. നാല് പതിറ്റാണ്ടുകള്‍ അടച്ചിട്ട ശേഷം 2006ല്‍ നാഥുല ചുരം വീണ്ടും തുറന്നു കൊടുത്തത് ഇന്ത്യ-ചൈന ബന്ധത്തിലെ ഒരു പുത്തന്‍ നേട്ടമായി.