ലഖ്നൗ:ഉത്തർപ്രദേശ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് അധികാരികളിൽ നിന്നും സുരക്ഷ ആവശ്യപ്പെട്ട പ്രതി പിടിയിൽ. മൊറാദാബാദ് സ്വദേശി അനസ് മാലിക്കാണ് (25) പിടിയിലായത്. പ്രതി സംസ്ഥാനത്തെ ഒന്നിലധികം അധികാരികൾക്ക് സുരക്ഷ ആവശ്യപ്പെട്ട് കത്തുകളയച്ചതായി അധികൃതർ പറഞ്ഞു.
താൻ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാണെന്നും തനിക്ക് സംരക്ഷണം ലഭിക്കണമെന്നും അഭ്യർഥിച്ചാണ് അനസ് കത്തുകൾ അയച്ചിരുന്നത്. നവംബർ 8ന് മൊറാദാബാദ്, ഗാസിയാബാദ്, അംറോഹ, നോയിഡ എന്നിവിടങ്ങളിലെ ജില്ലാ മജിസ്ട്രേറ്റുകൾക്ക് രണ്ട് ദിവസത്തെ പരിപാടിക്ക് പ്രോട്ടോക്കോൾ പ്രകാരം സുരക്ഷ അഭ്യർത്ഥിച്ച് പ്രതി കത്തയച്ചതായി റിപ്പോർട്ടുണ്ട്.
അതേസമയം കത്തുകളിൽ സംശയം ഉയർന്നതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. പ്രതി മനുഷ്യവകാശ കമ്മിഷൻ ചെയർമാനല്ലെന്ന് പൊലീസ് കണ്ടെത്തി. അനസ് മാലിക്ക് വ്യാജ ഐഡന്റിറ്റി നിർമിച്ച് അധികാരികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ഗാസിയാബാദ് അഡീഷണൽ ഡിസിപി (ക്രൈം) സച്ചിദാനന്ദ് പറഞ്ഞു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് പൂർത്തിയാക്കിയതെന്നും നേരത്തെ ഡ്രൈവറായാണ് ജോലി ചെയ്തിരുന്നതെന്നും പറഞ്ഞതായി പൊലീസ് അറിയിച്ചു. മാത്രമല്ല പ്രാദേശിക നേതാക്കളുമായി പ്രതിക്ക് ബന്ധമുണ്ടെന്നും അധികൃതർ പറഞ്ഞു. അതിൽ നിന്നാണ് പൊലീസ് സംരക്ഷണവും ഔദ്യോഗിക അകമ്പടിയും തനിക്കും വേണമെന്ന ആഗ്രഹമുണ്ടായതെന്നും പ്രതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.