കേന്ദ്രപാര (ഒഡിഷ) :വേട്ടയാടിപ്പിടിച്ച മാനിന്‍റെ 12 കിലോ ഇറച്ചി കൈവശംവച്ചയാളെ അറസ്‌റ്റ് ചെയ്‌ത് ഒഡിഷയിലെ വനപാലകർ. സുരേന്ദ്ര ദാസ് എന്നയാളാണ് ഇന്ന് കേന്ദ്രപാര ജില്ലയിലെ ഭിതാർകനിക നാഷണൽ പാർക്കിൽ നിന്ന് പിടിയിലായത്. ഇറച്ചി കൂടാതെ മാനുകളെ വേട്ടയാടാൻ ഉപയോഗിക്കുന്ന നൈലോൺ വലയും ഇയാളിൽനിന്ന് പിടിച്ചെടുത്തു.
പ്രദേശത്ത് സജീവമായ നായാട്ട് റാക്കറ്റിലെ അംഗമായിരുന്നു ദാസ് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ടൽക്കാടുകളിലും മറ്റ് വന പ്രദേശങ്ങളിലും നൈലോൺ വല വിരിച്ചാണ് വേട്ടക്കാർ മൃഗങ്ങളെ കെണിയിൽ വീഴ്ത്തിയിരുന്നത്. ചിലർ പുള്ളിമാനുകളെ പിടിക്കാന്‍ പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.