കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്ക്. കാളിഘട്ടിലെ വീട്ടിനുള്ളില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം(Mamata Banerjee).
ഉടന്‍ തന്നെ മമതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയില്‍ മുറിവ് പറ്റിയതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പരിക്ക് ഗുരുതരമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തെന്നി വീണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. മമതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പോസ്റ്റില്‍ തൃണമൂല്‍ ആവശ്യപ്പെടുന്നു. നെറ്റിയിലെ മുറിവിന് തുന്നലുകളിട്ടതായും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലെന്ന് ബോധ്യപ്പെട്ടതോടെ മമതയെ വീട്ടിലേക്ക് വിട്ടു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് മമത. ഒരു പരിപാടിക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് 69കാരിയായ മമത വീടിനുള്ളില്‍ വീണത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന അനന്തരവന്‍ അഭിഷേക് ബാനര്‍ജി മമതയെ ആശുപത്രിയിലെത്തിച്ചു.