ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുവജന വിരുദ്ധ നയങ്ങൾ കാരണം രാജ്യത്ത് തൊഴിലവസരങ്ങൾ കുറഞ്ഞുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലവസരങ്ങളെക്കുറിച്ച് മോദി സർക്കാർ വ്യാജ വാർത്തകൾ സൃഷ്‌ടിക്കുകയാണ്. 2022-23 ൽ മാത്രം രാജ്യത്തെ 375 കമ്പനികളിലായി 2.43 ലക്ഷം തൊഴിലവസരങ്ങൾ കുറഞ്ഞുവെന്ന് ബാങ്ക് ഓഫ് ബറോഡയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ കാണിക്കുന്നുവെന്ന് സമൂഹമാധ്യമമായ എക്‌സിലൂടെ അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് യുവാക്കൾ ജോലികൾക്കായി ഇപ്പോൾ ഓടുകയാണ്.
ബിഹാറിൽ കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിപ്പോൾ നടക്കുകയാണ്. അതിൽ 18 ലക്ഷം ഉദ്യോഗാർഥികളാണ് 21,000 ഒഴിവുകളിലേക്ക് അപേക്ഷിച്ചത്. ഇതിന് മുമ്പുള്ള പരീക്ഷയുടെ ചോദ്യ പേപ്പർ പരീക്ഷയ്ക്ക് നാല് ദിവസം മുമ്പ് ചോർന്നു, അതിനാലാണ് പരീക്ഷ വീണ്ടും നടത്തുന്നത്.
ഉത്തർപ്രദേശിൽ 60,000 കോൺസ്റ്റബിൾമാരുടെ ഒഴിവിലേക്ക് 26 സംസ്ഥാനങ്ങളിൽ നിന്നുള്ള ആറര ലക്ഷം യുവാക്കളാണ് അപേക്ഷിച്ചിട്ടുളളത്. ഈ പരീക്ഷയുടെ പേപ്പറും ഒരിക്കൽ ചോർന്നിരുന്നു. ജൂലൈയിൽ മാത്രം 1.24 ലക്ഷം ജീവനക്കാർക്കാണ് ഐടി മേഖലയിൽ ജോലി നഷ്‌ടപ്പെട്ടത്. ഇത് ഇന്ത്യയിലെ യുവാക്കൾക്ക് വലിയ നഷ്‌ടമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.