ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇന്ത്യാസഖ്യം പോരാട്ടം തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്‌ച നടന്ന ഇന്ത്യാമുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഖർഗെയുടെ പ്രതികരണം.
'ജനങ്ങൾ ഞങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് ഇന്ത്യാസഖ്യം നന്ദി പറയുന്നു. ബിജെപിയുടെ വിദ്വേഷത്തിൻ്റെയും അഴിമതിയുടെയും രാഷ്ട്രീയത്തിന് ജനങ്ങൾ ജനവിധിയിലൂടെ ഉചിതമായ മറുപടി നൽകി. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണ്. വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്ക്കും മുതലാളിത്തത്തിനും എതിരെയുള്ള ഉത്തരമാണ്.
മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇന്ത്യാസഖ്യം പോരാടുന്നത് തുടരുക തന്നെ ചെയ്യും. ബിജെപി സർക്കാർ ഭരിക്കരുതെന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടികൾ ഞങ്ങൾ സ്വീകരിക്കും'- മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞു.