ബെംഗളൂരു:രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഘട്ടത്തില്‍ ഭരണഘടന സംരക്ഷിക്കേണ്ടതിന്‍റെയും അതിന്‍റെ തത്വങ്ങൾ പാലിക്കേണ്ടതിന്‍റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർക്കൊപ്പം ബെംഗളൂരുവിൽ ഖാർഗെ ദേശീയ പതാക ഉയർത്തി. ഇതിനിടെയാണ് ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞത്.
ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടാണ് കോൺഗ്രസ് പ്രസിഡന്‍റ് ഭരണഘടന സംരക്ഷിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്‌തത്. ഭരണഘടന സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ചർച്ച ചെയ്യുന്നതിനായി ഡോ. അംബേദ്‌കറുടെ ജന്മസ്ഥലത്ത് ഒരു യോഗം നടത്തുമെന്നും ഖാര്‍ഗെ പറഞ്ഞു.
"നമ്മൾ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഭരണഘടന സംരക്ഷിക്കുകയും അതിന്‍റെ തത്വങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഭരണഘടനയും അതിന്‍റെ മൂല്യങ്ങളും കൊണ്ടാണ് ഒരു രാജ്യമെന്ന നിലയില്‍ ബഹുമാനവും അംഗീകാരവും ലഭിച്ചത്. കോൺഗ്രസ് പാർട്ടിയുടെയും ഡോ. അംബേദ്‌കറുടെയും പണ്ഡിറ്റ് നെഹ്‌റുവിന്‍റെയും സംഭാവനയായിട്ടാണ് ജനാധിപത്യവും ഭരണഘടനയും നമുക്ക് ലഭിച്ചത്. അവരുടെ പരിശ്രമങ്ങൾ ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഞങ്ങളെ പ്രാപ്‌തരാക്കി," എന്ന് ഖാർഗെ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭരണഘടനയെയും അതിന്‍റെ നിര്‍മാതാക്കാളെയും അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപിയെയും ഖാർഗെ വിമർശിച്ചു. അമിത് ഷായെപ്പോലുള്ള നമ്മുടെ രാജ്യത്തെ പ്രധാന നേതാക്കൾ ഭരണഘടനയെയും അതിന്‍റെ നിര്‍മാതാക്കളെയും അപമാനിക്കുന്നു. രാജ്യത്തെയും ഭരണഘടനയെയും അപമാനിക്കുന്ന ഈ ആളുകൾ രാജ്യത്തിന് ഒന്നും സംഭാവന ചെയ്‌തിട്ടില്ല. മോദിയും അമിത് ഷായും ഈ രാജ്യത്തെ പ്രതിസന്ധിയിലാക്കുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
കഴിഞ്ഞ 10 വർഷമായി മതമൗലികവാദത്തിൽ മുഴുകിയ വിദ്വേഷപരമായ അജണ്ടയിലൂടെ സമൂഹത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഭരണഘടനയുടെ എല്ലാ പവിത്രതകളും തകർക്കപ്പെടുകയാണെന്നും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. ബിജെപിയുടേത് കപട ദേശീയതയാണ്. ഭരണഘടനയ്‌ക്കെതിരായ നിരന്തരമായ ആക്രമണങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ നാലാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാജ്യത്തിന്‍റെ സാമ്പത്തിക തകർച്ചയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ആഗോളതലത്തിൽ രാജ്യത്തെ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തുമെന്നും പ്രധാനമന്ത്രി മോദി അവകാശപ്പെടുന്നു. എന്നാൽ, ഇപ്പോൾ നമ്മൾ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. യുപിഎ സർക്കാരിന്‍റെ കാലത്ത് രാജ്യം നാലാം സ്ഥാനത്തായിരുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Read Also:'ഭരണഘടനയെ നമുക്ക് സംരക്ഷിക്കാം, ജനാധിപത്യം ഉറപ്പുവരുത്താം'; റിപ്പബ്ലിക് ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി