മുംബൈ: സീറ്റ് തര്‍ക്കത്തില്‍ പാര്‍ട്ടി വിട്ട് പോയ മഹാരാഷ്‌ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് രവിരാജയും അനുയായികളും ബിജെപിയിൽ ചേർന്നു. മഹാരാഷ്‌ട്ര ഡെപ്യൂട്ടി ചീഫ് മിനിസ്‌റ്റര്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയും മുംബൈ ബിജെപി അധ്യക്ഷന്‍ ആശിഷ് ഷേലാറിന്‍റെയും സാന്നിധ്യത്തിലാണ് രവിരാജ അംഗത്വമെടുത്തത്. അംഗത്വമെടുത്തതിന് തൊട്ടുപിന്നാലെ രവിരാജയെ ബിജെപിയുടെ മുംബൈ വൈസ് പ്രസിഡന്‍റ് ആയും നിയമിതനാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിയോൺ കോളിവാഡ അസംബ്ലി സീറ്റിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചതില്‍ രോഷകുലനായാണ് രവിരാജ കോണ്‍ഗ്രസ് വിട്ടത്. മുംബൈ നഗരത്തിലെ അദ്ദേഹത്തിന്‍റെ പ്രവർത്തനവും സംഭാവനയും പാര്‍ട്ടി അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തില്ലെന്ന് രവിരാജ പരസ്യമായി പറഞ്ഞിരുന്നു.
സിയോൺ കോളിവാഡ സീറ്റില്‍ ഗണേഷ് യാദവിന് കോണ്‍ഗ്രസ് ടിക്കറ്റ് നൽകിയതിന് പിന്നലെ രാജ നേരിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് രാജിക്കത്ത് അയക്കുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ട് ബിജെപിയിൽ ചേരാനുള്ള ആഗ്രഹവും രവിരാജ പ്രകടിപ്പിച്ചിരുന്നു.
മഹാ വികാസ് അഘാഡി സഖ്യത്തെ തകര്‍ത്ത്, മുംബൈയിൽ പരമാവധി സീറ്റുകൾ നേടാന്‍ ഭരണകക്ഷിയായ മഹായുതി എല്ലാ ശ്രമങ്ങളും നടത്തുന്ന സമയത്താണ് രവിരാജയുടെയും അനുയായികളുടെയും ചേരിമാറ്റം.
മുംബൈ രാഷ്‌ട്രീയത്തിലെ രവിരാജയുടെ പരിചയ സമ്പത്ത് പാർട്ടിക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ദേവേന്ദ്ര ഫഡ്‌നാവിസ് തയ്യാറായില്ല.
മുംബൈ ബിജെപി വൈസ് പ്രസിഡന്‍റായി ആത്മാർത്ഥമായി ചുമതലകൾ നിർവഹിക്കുമെന്ന് രവിരാജ പ്രതികരിച്ചു. '44 വർഷത്തെ കോൺഗ്രസ് പ്രവര്‍ത്തനത്തിന് ശേഷം പാർട്ടി വിട്ട് ഞാന്‍ ബിജെപിയിൽ ചേർന്നു. മുംബൈ ബിജെപി വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ ഞാൻ ആത്മാർത്ഥമായി എൻ്റെ ചുമതലകൾ നിർവഹിക്കും. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിൻ്റെ പ്രവർത്തനം കണക്കിലെടുത്ത് മഹായുതി സർക്കാർ വീണ്ടും അധികാരത്തിൽ വരും' എന്നും രവി രാജ പറഞ്ഞു.
Also Read:'രാഷ്‌ട്രീയത്തിൽ ത്യാഗത്തിന് സ്ഥാനമില്ല'; മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചര്‍ച്ച നടക്കുന്നുവെന്ന് അഖിലേഷ് യാദവ്