കേരളം

kerala

ETV Bharat / bharat

"അധികാരത്തിലിരുന്നപ്പോള്‍ ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തിയ കോണ്‍ഗ്രസ് ഇപ്പോൾ ബിജെപി അതിന് പദ്ധതിയിടുന്നുവെന്ന് വിലപിക്കുന്നു": നിതിന്‍ ഗഡ്‌കരി - NITIN GADKARI ATTACK CONGRESS

വംശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസ് മുഴുകുകയാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി.

MAHARASHTRA ASSEMBLY ELECTIONS 2024  NITIN GADKARI ON RESERVATION  BJP MAHARASHTRA ELECTION CAMPAIGN  നിതിന്‍ ഗഡ്‌കരി ഭരണഘടന
നിതിൻ ഗഡ്‌കരി (PTI)

By ETV Bharat Kerala Team

Published : Nov 10, 2024, 10:02 AM IST

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദർഭയിലെ വാർധ ജില്ലയിലെ വിവിധ പ്രചാരണ റാലികളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. അധികാരത്തിലിരുന്നപ്പോള്‍ ഭരണഘടനയിൽ ഭേദഗതികൾ വരുത്തിയ കോൺഗ്രസ് ഇപ്പോൾ ബിജെപി അതിൽ മാറ്റം വരുത്തുമെന്ന് വിലപിക്കുകയാണെന്ന് നിതിൻ ഗഡ്‌കരി പറഞ്ഞു. കോൺഗ്രസ് വംശീയ രാഷ്‌ട്രീയത്തിൽ മുഴുകുകയാണെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.

"ബിജെപിക്ക് ലോക്‌ സഭയിൽ 400 സീറ്റുകൾ ലഭിച്ചാൽ ഭരണഘടന മാറ്റുമെന്ന് അവർ വിലപിക്കുകയാണ്. എന്നാല്‍ അവര്‍ പറഞ്ഞത് കള്ളമാണ്. കേശവാനന്ദ ഭാരതി കേസിലെ സുപ്രീം കോടതി വിധി പ്രകാരം ഭരണഘടനയുടെ പ്രധാന സവിശേഷതകൾ മാറ്റാനാകില്ല"- കേന്ദ്ര മന്ത്രി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭരണഘടന ഭേദഗതി ചെയ്‌തുവെന്നും നിതിന്‍ ഗഡ്‌കരി ചൂണ്ടിക്കാട്ടി. "അവർ ഭരണഘടന മാറ്റി, എന്നാല്‍ ഞങ്ങളെ കുറ്റപ്പെടുത്തുകയാണ്. ജനതാ പാർട്ടി അത് തിരുത്തി. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് എത്ര തവണ ഭരണഘടന ഭേദഗതി ചെയ്‌തു?. എന്നാൽ ഇതിനോട് പ്രതികരിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല" - ദിയോലിയിൽ നിതിൻ ഗഡ്‌കരി പറഞ്ഞു.

ഗ്രാമീണ ഇന്ത്യയ്ക്ക് കോൺഗ്രസ് മുൻഗണന നൽകിയിരുന്നെങ്കിൽ കർഷകർ ആത്മഹത്യ ചെയ്യുമായിരുന്നില്ലെന്നും ഗ്രാമങ്ങളിൽ ദാരിദ്ര്യം കുറയുമായിരുന്നുവെന്നും അർവി നിയമസഭാ മണ്ഡലത്തിൽ നടന്ന റാലിയിൽ ബിജെപി മുന്‍ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ദാരിദ്ര്യം തുടച്ചുനീക്കാൻ കോൺഗ്രസ് ആഹ്വാനം നൽകിയെങ്കിലും അത് യാഥാർഥ്യത്തിൽ നടന്നില്ലെന്നും ഗഡ്‌കരി അഭിപ്രായപ്പെട്ടു. പാർട്ടി പ്രവർത്തകനായിരുന്ന കാലത്ത് വാർധ ജില്ല സന്ദർശിച്ചപ്പോഴുള്ള നാളുകൾ അനുസ്‌മരിച്ചുകൊണ്ടാണ് ഗഡ്‌കരിയുടെ വാക്കുകള്‍.

"75 വർഷത്തെ ഇന്ത്യയുടെ ചരിത്രത്തിൽ, രാജ്യത്തിന്‍റെ ഗ്രാമപ്രദേശങ്ങളുടെ വികസനത്തിന് കോൺഗ്രസ് ഒരിക്കലും മുൻഗണന നൽകിയിട്ടില്ല. ഗ്രാമങ്ങളിൽ റോഡുകളോ കുടിവെള്ളമോ ഉണ്ടായിരുന്നില്ല. ഗ്രാമീണ ഇന്ത്യയുടെ വികസനത്തെക്കുറിച്ച് കോൺഗ്രസ് ഒരിക്കലും ഗൗരവമായി ചിന്തിച്ചിട്ടില്ല. ഗ്രാമീണ ഇന്ത്യയ്ക്ക് മുൻഗണന ലഭിച്ചിരുന്നെങ്കിൽ കർഷകർ ആത്മഹത്യ ചെയ്യുമായിരുന്നില്ല, ഗ്രാമങ്ങളിൽ ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല"- കേന്ദ്രമന്ത്രി പറഞ്ഞു.

ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ നിതിൻ ഗഡ്‌കരിയുടെയോ പാർട്ടിയല്ല, മറിച്ച് തങ്ങളുടെ ജീവിതം അതിനായി സമർപ്പിച്ച പ്രവർത്തകരുടെ പാർട്ടിയാണെന്ന് പറഞ്ഞ ഗഡ്‌കരി തന്‍റെ രാഷ്‌ട്രീയ യാത്രയിൽ പാർട്ടി പ്രവർത്തകര്‍ നല്‍കിയ സംഭാവനകളെ അഭിനന്ദിച്ചു.

ALSO READ:'ബുള്‍ഡോസര്‍ രാജ് ഭരണഘടനയ്‌ക്ക് എതിര്, അംഗീകരിക്കില്ല'; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

താൻ സംവരണത്തിന് എതിരല്ലെന്നും എന്നാൽ മതവും ജാതിയും രാഷ്‌ട്രീയത്തിനായി ഉപയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും കഴിവുള്ളവരാകാൻ സംവരണം ലഭിക്കണമെന്നും ഗഡ്‌കരി വ്യക്തമാക്കി.

അതേസമയം നവംബര്‍ 20-നാണ് മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 288 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ വലിയ രാഷ്‌ട്രീയ നാടകങ്ങളായിരുന്നു സംസ്ഥാനത്ത് നടന്നത്.

ABOUT THE AUTHOR

...view details