ചെന്നൈ: ഒരു പ്രത്യേക ബ്രീഡിലുള്ള നായയെ അപകടകാരിയായി വിലയിരുത്തുകയും നിരോധിക്കുകയും ചെയ്യും മുമ്പ് അവയുടെ മനഃശാസ്‌ത്രം പഠിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. കെന്നല്‍ ക്ലബ് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
അടുത്തിടെ ഒരു പെണ്‍കുട്ടിയെ ബോക്‌സര്‍ ഇനത്തില്‍ പെട്ട നായ കടിച്ചിരുന്നു. തുടര്‍ന്ന് ഈ ഇനത്തിലടക്കം പെട്ട നിരവധി നായകളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്‌താണ് കെന്നല്‍ ക്ലബ് ഓഫ് ഇന്ത്യ കോടതിയെ സമീപിച്ചത്. ബോക്‌സര്‍ ഇനത്തില്‍ പെട്ട നായ ആക്രമണകാരിയല്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായയും ഒരു കുട്ടിയെ കടിച്ചതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇതിന്‍റെ ഇറക്കുമതി നിരോധിക്കാനാകുമോയെന്നും ജഡ്‌ജി അനിത സുമന്ത് ചോദിച്ചു. ശാസ്‌ത്രീയമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇത്തരം തീരുമാനങ്ങളിലേക്ക് പോകാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
നായകളുടെ വര്‍ഗീകരണത്തിനായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഇതിലേക്ക് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സത്യപാല്‍ ജെയിന്‍ ചൂണ്ടിക്കാട്ടി. പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഈ മാസം 30 വരെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിറ്റ്‌ബുള്‍, ടോസ ഇനു, അമേരിക്കന്‍ സ്റ്റഫോര്‍ഡ് ടെറിയര്‍, റോട്ട്‌വീലര്‍, ഫില ബ്രസിലെയ്‌റോ, ഡോകോ അര്‍ജന്‍റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, പോര്‍ബോള്‍, കങ്കല്‍ ഷെഫേഡ്, കോക്കേഷ്യന്‍ ഷെഫേര്‍ഡ്, സൗത്ത് ഏഷ്യന്‍ ഷെഫേഡ്, തുടങ്ങിയ നായകളുടെ ഇറക്കുമതിയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളത്.
എന്നാല്‍ നിരവധി ഹൈക്കോടതികള്‍ ഇത് സ്റ്റേ ചെയ്‌തിട്ടുണ്ട്. തുടര്‍ന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇതേക്കുറിച്ച് പൊതുജനാഭിപ്രായം തേടുകയും ചെയ്‌തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടനടി കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തീര്‍പ്പാക്കി.
Also Read: കളിക്കാൻ പോയ കുട്ടിയെ തെരുവ് നായ ആക്രമിച്ചു; ഹൈദരാബാദില്‍ 6 വയസുകാരൻ മരിച്ചു