ലഖ്‌നൗ:കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്നുവേണ്ട പ്രായഭേദമന്യെ എല്ലാവരും കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ക്രീംറോളുകളും ഐസ്‌ക്രീമുകളും. ഇപ്പോഴിതാ ക്രീം റോള്‍ കഴിച്ച് ഏഴു വയസുകാരിയുടെ വായില്‍ രക്ത സ്രാവം ഉണ്ടായെന്ന വാര്‍ത്തയാണ് യുപിയിലെ ഹസ്രത്ഗഞ്ചില്‍ നിന്നും വരുന്നത്. ക്രീം റോള്‍ കഴിച്ച കുട്ടിയുടെ വായില്‍ അതിനുള്ളിലിരുന്ന ഇരുമ്പ് കമ്പി കുരുങ്ങുകയായിരുന്നു. അച്‌ഛനുമൊത്ത് ബേക്കറില്‍ പോയ കുഞ്ഞിന് പിതാവ് ക്രീം റോള്‍ വാങ്ങി നല്‍കുകയായിരുന്നു. നാല് റോളുകളാണ് പിതാവ് വാങ്ങിയത്. ഇതില്‍ മകള്‍ കഴിച്ച റോളിലാണ് അപകടം പതിയിരുന്നത്.
ക്രീം റോള്‍ കഴിച്ചയുടനെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയും വായില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. ഏഴ് വയസുകാരിയുടെ വായില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നത് കണ്ട് മതാപിതാക്കള്‍ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി കഴിച്ച ക്രീം റോളില്‍ ഇരുമ്പ് കമ്പി ഉണ്ടായിരുന്നുവെന്നും ഇതാണ് കുട്ടിയുടെ വായില്‍ കുടുങ്ങി അപകടമുണ്ടായതെന്നും കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഭവത്തില്‍ കുട്ടിയുടെ പിതാവിൻ്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവംബർ 21നാണ് കുട്ടിക്ക് അസ്വസ്ഥതയുണ്ടായത്. പിതാവ് അഡ്വക്കേറ്റ് ക്രാന്തിവീർ സിങ് പൊലീസില്‍ പരാതിപ്പെടുകയും റോളില്‍ നിന്ന് ലഭിച്ച ഇരുമ്പ് കമ്പി തെളിവായി സമര്‍പ്പിക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ ബേക്കറി ഉടമയെ വിളിച്ചുവരുത്തി നോട്ടീസ് നൽകിയതായും അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉടമക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.