ന്യൂഡല്‍ഹി : 30-ാമത് കരസേന മേധാവി ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയ. ഈ മാസം 30 ന് ചുമതലയേൽക്കും. നിലവിലെ കരസേന മേധാവി ജനറൽ മനോജ് സി പാണ്ഡെ ജൂൺ 30 ന് സ്ഥാനമൊഴിയുന്നതോടെയാകും കരസേന ഉപമേധാവിയായി സേവനമനുഷ്‌ഠിക്കുന്ന ഉപേന്ദ്ര ദ്വിവേദിയുടെ നിയമനം. മധ്യപ്രദേശ് റിവയിലെ സൈനിക സ്‌കൂൾ, നാഷണൽ ഡിഫൻസ് കോളജ് എന്നിവിടങ്ങളിലായിരുന്നു ഉപേന്ദ്ര ദ്വിവേദിയുടെ വിദ്യാഭ്യാസം. യുഎസ് ആർമി വാർ കോളജ്, ഡിഎസ്എസ്‌സി വെല്ലിങ്ടൺ എന്നിവിടങ്ങളിൽ നിന്ന് പരിശീലനവും നേടിയിട്ടുണ്ട്.
1984 ഡിസംബറിൽ ആർമിയുടെ ജമ്മു & കശ്‌മീർ റൈഫിൾസിലൂടെ സൈന്യത്തിന്‍റെ ഭാഗമായ ദ്വിവേദി നീണ്ട 40 വർഷത്തോളം വിവിധ സ്ഥാനങ്ങളില്‍ രാജ്യത്തിനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കശ്‌മീർ താഴ്‌വരയിലും രാജസ്ഥാന്‍ മരൂഭൂമിയിലും അസമിലും തുടങ്ങി ഇന്ത്യയുടെ വിശാലവും പ്രശ്‌നഭരിതവുമായ അതിര്‍ത്തികളിലെല്ലാം അദ്ദേഹം തൻ്റെ യൂണിറ്റിനെ നയിച്ചു. ജമ്മു കശ്‌മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറമേ, വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ വികസന പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും അദ്ദേഹം മേൽനോട്ടവും വഹിച്ചു.
റൈസിങ് സ്‌റ്റാർ കോർപ്‌സിൻ്റെ കമാൻഡായിരുന്ന അദ്ദേഹം 2022-24 കാലഘട്ടത്തിൽ നോർത്തേൺ ആർമിയുടെ കമാൻഡറായി. ലഫ്റ്റനൻ്റ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് ആർമ്ഡ് ബ്രിഗേഡ്, മൗണ്ടൻ ഡിവിഷൻ, സ്ട്രൈക്ക് കോർപ്‌സ്, ഇൻ്റഗ്രേറ്റഡ് എച്ച്ക്യു എന്നിങ്ങനെയുളള പ്രധാന നിയമനങ്ങളുടെയും ഭാഗമായി. ഇന്ത്യൻ ആർമിയില്‍ സാങ്കേതിക വിദ്യകളും ഓട്ടോമേഷനും കൊണ്ടുവരുന്നതിലും അദ്ദേഹം മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. ബിഗ് ഡാറ്റ അനലിറ്റിക്‌സ്, എഐ, ക്വാണ്ടം, ബ്ലോക്ക് ചെയിൻ അധിഷ്‌ഠിത സൊല്യൂഷനുകൾ പോലുള്ള 'ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്‌നോളജി'യുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം പ്രയത്നിച്ചു. ആത്മനിർഭർ ഭാരതിൻ്റെ ഭാഗവുമായിരുന്നു.