ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ) ആദ്യ ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിൻ്റെ (എൽആർഎൽഎസിഎം) പരീക്ഷണം വിജയകരം. ചൊവ്വാഴ്ച ഒഡീഷ തീരത്ത് ചാന്ദിപൂരിലെ ഇൻ്റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചിൽ (ഐടിആർ) നടന്ന പരീക്ഷണം വിജയം കണ്ടു. മൊബൈൽ ആർട്ടിക്യുലേറ്റഡ് ലോഞ്ചർ ഉപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്.
റഡാർ, ഇലക്‌ട്രോ-ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്‌റ്റം, മിസൈലിന്‍റെ ഫ്ലൈറ്റ് പാതയിൽ വിന്യസിച്ചിരുന്ന ടെലിമെട്രി ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സെൻസറുകളുടെ ഒരു ശ്രേണിയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. വേ പോയിന്‍റിന്‍റെ നാവിഗേഷൻ ഉപയോഗിച്ച് മിസൈൽ കൃത്യമായ പാത പിന്തുടർന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വിപുലമായ ഏവിയോണിക്‌സും സോഫ്‌റ്റ്‌വെയറും ഉപയോഗിച്ചാണ് എൽആർഎൽഎസിഎം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഹൈദരാബാദിലെ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും (ബിഡിഎൽ) ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബിഇഎൽ) ആണ് പങ്കാളികള്‍.