കേരളം

kerala

ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ് : തെലങ്കാനയില്‍ 64.93% പോളിങ്, കൂടുതല്‍ ഭുവനഗിരിയിലും കുറവ് ഹൈദരാബാദിലും - Election Polling In Telangana

തെലങ്കാനയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 64.93 ശതമാനം പോളിങ് രേഖപ്പെടുത്തി. ഹൈദരാബാദിലാണ് ഏറ്റവും കുറവ്. അന്തിമ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വരുമെന്ന് ചീഫ് ഇലക്‌ടറല്‍ ഓഫിസര്‍.

LOK SABHA ELECTION IN TELANGANA  LOK SABHA ELECTIONS 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ടം  ഹൈദരാബാദില്‍ പോളിങ് കുറവ്
LS Poll Telangana (Source: Etv Bharat Network)

By ETV Bharat Kerala Team

Published : May 14, 2024, 11:08 AM IST

ഹൈദരാബാദ് : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന തെലങ്കാനയില്‍ 64.93 ശതമാനം പോളിങ് രേഖപ്പെടുത്തി. ഭുവനഗിരിയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 76.47 ശതമാനമാണ് ഇവിടുത്തെ പോളിങ്. അതേസമയം 46.08 ശതമാനം രേഖപ്പെടുത്തിയ ഹൈദരാബാദിലാണ് ഏറ്റവും കുറവ്.

അന്തിമ കണക്ക് ഇന്ന് (മെയ്‌ 14) പുറത്ത് വരും. ഇതോടെ പോളിങ് ശതമാനം ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. ഏതാനും പോളിങ് ബൂത്തുകളിലെ ചെറിയ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ സമാധാനപരമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.

2023ൽ സംസ്ഥാനത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിലെ പോളിങ്ങില്‍ കുറവുണ്ട്. 71.34 ശതമാനം പോളിങ്ങായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് നാലാം ഘട്ടത്തിന്‍റെ ഭാഗമായി തെലങ്കാനയില്‍ 17 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

കനത്ത സുരക്ഷയില്‍ രാവിലെ 7 മണിക്കാണ് പോളിങ് ആരംഭിച്ചത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളായ അദിലാബാദ്, പെദ്ദപ്പള്ളി, മഹബൂബാബാദ്, വാറംഗൽ, ഖമ്മം എന്നിവിടങ്ങളില്‍ വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിച്ചു. ബാക്കിയുള്ള പോളിങ് ബൂത്തുകളില്‍ വൈകിട്ട് 6 വരെ വോട്ടെടുപ്പ് തുടര്‍ന്നു.

സംസ്ഥാനത്തെ ആദിവാസി മേഖലകളിലെല്ലാം മികച്ച രീതിയിലാണ് വോട്ടെടുപ്പ് നടന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019ലുണ്ടായ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ മാത്രമായിരുന്നു 70 ശതമാനം പോളിങ് കടന്നത്.

വോട്ടെടുപ്പിനിടെയുണ്ടായ പ്രശ്‌നങ്ങള്‍ :ഹൈദരാബാദിലെ പോളിങ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥി മാധവി ലത വോട്ടര്‍മാരുടെ നിഖാബ് അഴിപ്പിച്ചത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. സ്ഥാനാര്‍ഥി വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നതിന്‍റെയും നിഖാബ് അഴിപ്പിക്കുന്നതിന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ മാധവി ലതയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

നിസാമാബാദിലെ ബൂത്തിലെത്തിയ യുവാവ് സെല്‍ഫിയെടുക്കുന്നത് വെബ്‌കാസ്റ്റിങ്ങിലൂടെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മെഹബൂബാബാദ് ജില്ലയിലെ ബയ്യറാം വെങ്കിട്ടരാമപുരത്തെ 26-ാം പോളിങ് സ്റ്റേഷനില്‍ ഇവിഎമ്മില്‍ കോണ്‍ഗ്രസ് ചിഹ്നം പതിപ്പിച്ചയാളെ പൊലീസ് പിടികൂടി.

മെഷീനില്‍ ചിഹ്നം പതിപ്പിച്ചത് ബിആര്‍എസ്‌ നേതാക്കള്‍ എതിര്‍ത്തു. ഇതേ തുടര്‍ന്ന് പോളിങ് ബൂത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും വോട്ടെടുപ്പ് നിര്‍ത്തിവയ്‌ക്കുകയും ചെയ്‌തിരുന്നു. ചിഹ്നം പതിപ്പിച്ച ഇവിഎം മാറ്റി സ്ഥാപിച്ചതിന് ശേഷമാണ് വോട്ടെടുപ്പ് തുടര്‍ന്നത്.

സംഗേമിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ യുവാവ് സെല്‍ഫിയെടുത്ത് വാട്‌സ് ആപ്പ് സ്റ്റാറ്റസിട്ടു. ഇത് വൈറലായതോടെ യുവാവിനെതിരെ കേസെടുക്കണമെന്ന് വിവിധയിടങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നു. സംഭവം ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിവി പാറ്റിലെ പാര്‍ട്ടി ചിഹ്നത്തിന്‍റെ ഫോട്ടോയെടുത്ത് വാട്‌സ് ആപ്പ് സ്റ്റാറ്റസിട്ട സംഭവത്തില്‍ നെല്ലിക്കുടുരുവില്‍ യുവാവിനെതിരെ അന്വേഷണം ആരംഭിച്ചു. യുവാവിന്‍റെ സ്റ്റാറ്റസിനെ ചൊല്ലി ബിആര്‍എസ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെയാണ് പൊലീസ് യുവാവിനെതിരെ അന്വേഷണം ആരംഭിച്ചത്.

റഹ്‌മത്ത് നഗറിലെ പോളിങ് ബൂത്തില്‍ വോട്ടര്‍ അതിശക്തമായി ഇവിഎമ്മിലെ ബട്ടണ്‍ അമര്‍ത്തിയതോടെ മെഷീന്‍ തകരാറിലായി. ഇതേ തുടര്‍ന്ന് 2 മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവച്ചിരുന്നു. ഹൈദരാബാദിലും സെക്കന്തരാബാദിലും 50 ശതമാനം പോളിങ് പോലും രേഖപ്പെടുത്തിയില്ല. അതേസമയം മൽകാജിഗിരിയിലും ചെവെല്ലയിലും പോളിങ് 50 ശതമാനം കടന്നു.

നിരവധി പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ യാതൊരു തിരക്കുകളും ഉണ്ടായിരുന്നില്ല. രാവിലെ 7 മണിക്ക് പോളിങ് ആരംഭിച്ചെങ്കിലും 9 മണിവരെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ കാര്യമായി എത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് മണ്ഡലത്തിൽ ഉച്ചയ്ക്ക് 2 മണി വരെ വെറും 20 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. ചാർമിനാർ, ചന്ദ്രയാനഗുട്ട, ബഹദൂർപുര എന്നിവിടങ്ങളില്‍ വോട്ടര്‍മാരുടെ വീടുകളിലെത്തി യുവാക്കള്‍ വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അന്തിമ കണക്കുകള്‍ ഇന്ന് : സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായാണ് പൂര്‍ത്തിയാക്കിയതെന്ന് തെലങ്കാന ചീഫ് ഇലക്‌ടറല്‍ ഓഫിസര്‍ വികസ്‌രാജ് പറഞ്ഞു. ചിലയിടങ്ങളില്‍ ഏതാനും ചെറിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ചൊവ്വാഴ്‌ച പോളിങ് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details