ന്യൂഡൽഹി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. തുടർച്ചയായ പത്ത് വർഷത്തെ മോദി സർക്കാർ ഭരണത്തിന് ശേഷം വരുന്ന തെരഞ്ഞെടുപ്പാണിത്. അത്കൊണ്ട് ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ എല്ലാവരും വളരെ ആകാംക്ഷയോടെയും ഏറെ പ്രതീക്ഷയോടെയുമാണ് കാത്തിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതിക്കൊപ്പം ഇന്ന് ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രസ് കോൺഫറൻസ് നടക്കുന്നുവെന്ന് ഇലക്ഷൻ കമ്മിഷൻ ഇന്ത്യയുടെ വക്താവ് എക്‌സിൽ പറഞ്ഞു.
ബിജെപിയും കോൺഗ്രസും പട്ടിക പുറത്തിറക്കി :പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, നിതിൻ ഗഡ്‌കരി, അനുരാഗ് താക്കൂർ, പ്രലാദ് ജോഷി എന്നിങ്ങനെ എല്ലാ മുതിർന്ന നേതാക്കളെയും ബിജെപി പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്‌വരെ രണ്ട്പട്ടികയാണ് ബിജെപി പുറത്തിറക്കിയത്.
തെരഞ്ഞെടുപ്പിൽ ബിജെപി നേരിടാൻ പോകുന്ന പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാർഥി പട്ടിക പുറത്തിറക്കി, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നുണ്ട്. അത് കൂടാതെ നകുൽ നാഥ്, ഗൗരവ് ഗഗോയ്, കെസി വേണുഗോപാൽ, വൈഭവ് ഗെലോട്ട് എന്നിവരെയും കോൺഗ്രസ് സ്ഥാനാർഥിയാക്കിയിട്ടുണ്ട്.
മൂന്നാം മോദി സർക്കർ എന്ന വിശ്വാസത്തിലാണ് ബിജെപി :ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് 370 സീറ്റുകൾ ലഭിക്കുമെന്നും ദേശീയ ജനാധിപത്യ സഖ്യമായ (NDA) 400 സീറ്റുകൾ നേടുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ബിജെപി.
2019 ലെ തെരഞ്ഞെടുപ്പിലേക്ക് ഒരു തിരിഞ്ഞ് നോട്ടം :543 സീറ്റുകളിൽ 412 സീറ്റുകൾ ജനറൽ വിഭാഗത്തിന്, 83 സീറ്റ് എസ്‌സിക്ക്, 47 സീറ്റ് എസ്‌ടി വിഭാഗത്തിന് എന്നിങ്ങനെയായിരുന്നു സംവരണം. 91.19 കോടി വോട്ടർമാരാണ് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്. 2019 ൽ തപാൽ ബാലറ്റ് ഒഴികെയുള്ള പോളിങ് ശതമാനം 67.1 ശതമാനവും പോളിങ് സ്‌റ്റേഷനുകളിൽ വോട്ടുചെയ്യാനുള്ള മൗലികാവകാശം വിനിയോഗിച്ചവരുടെ എണ്ണം 61.18 കോടി ആയിരുന്നു.