ന്യൂഡൽഹി: പഞ്ചാബ് മുൻ എഡിജിപി ഗുരീന്ദർ സിങ് ധില്ലൺ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ധില്ലണെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു.
കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തെ ലോക്‌സഭ സ്ഥാനാർഥിയായി പ്രഖ്യാപിച്ചേക്കുമെന്ന ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. പഞ്ചാബിലെ ബാക്കിയുള്ള ലോക്‌സഭ സീറ്റുകളിലേക്ക് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനാൽ ഫിറോസ്‌പൂരിൽ നിന്നും മത്സരിപ്പിക്കാനാണ് സാധ്യത.
അതേസമയം പാർട്ടി എന്ത് കടമ തന്നെ ഏൽപ്പിച്ചാലും അത് നിറവേറ്റുമെന്ന് കോൺഗ്രസിൽ ചേർന്ന ശേഷം ധില്ലൺ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പഞ്ചാബിൽ വച്ച് രണ്ടുതവണ കാണാനായെന്നും അദ്ദേഹത്തിൽ താൻ വളരെ ആകൃഷ്‌ടനായെന്നും അദ്ദേഹം പറഞ്ഞു.
30 വർഷത്തെ സർവീസ് പൂർത്തിയാക്കിയതായും ഇതിനിടയിൽ തീവ്രവാദത്തിനെതിരെ പോരാടാൻ കഴിഞ്ഞതായും ഗുരീന്ദർ ധില്ലൺ പറഞ്ഞു. തൻ്റെ പരിധിക്കുള്ളിൽ നിന്ന് രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ബിജെപി എംപി കോൺഗ്രസിൽ; കോൺഗ്രസ് മുൻ എംഎൽഎ ബിജെപിയിൽ: കർണാടകയിൽ നാടകങ്ങൾ തുടരുന്നു