ഹൈദരാബാദ് : ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും തങ്ങളുടെ ചെലവുകൾ കൃത്യമായി കണക്കാക്കണം. കാരണം എന്താണെന്നല്ലേ? രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും ചെലവുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷിക്കും.
വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളും പാർട്ടികളും നടത്തുന്ന ചെലവുകൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിൻ്റെ ഭാഗമായി അതത് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് ഓരോന്നിനുമുള്ള വിലകൾ നിശ്ചയിക്കുന്നത്. രാജ്യത്തുടനീളമുള്ള ഭക്ഷണത്തിനും ലഘുഭക്ഷണത്തിനും മറ്റു ചെലവുകൾക്കുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിരക്ക് കാർഡ് നോക്കുക.
പഞ്ചാബിലെ ജലന്ധറിൽ ഒരു കപ്പ് ചായയ്ക്കും സമൂസയ്ക്കും വേണ്ടി പരമാവധി 15 രൂപ സ്ഥാനാർഥികൾക്ക് ചെലവഴിക്കാം. ലസ്സിക്ക് 20 രൂപയും നാരങ്ങ വെള്ളത്തിന് 15 രൂപയും. ചോലെ ഭട്ടൂരെ 40 രൂപ, ചിക്കൻ 250 രൂപ, മട്ടൺ 500 രൂപ എന്നിങ്ങനെയാണ് കണക്ക്.
മധ്യപ്രദേശിൽ ചായയ്ക്ക് 7 രൂപയും സമൂസയ്ക്ക് 7.50 രൂപയും ചെലവഴിക്കാം. എന്നാൽ, ബാലാഘട്ടിൽ ചായയ്ക്ക് 5 രൂപ മാത്രമേ പറ്റൂ, സമൂസയ്ക്ക് 10 രൂപയും. ഇഡ്ഡലി, സാമ്പാർ വട, പോഹ-ജിലേബി എന്നിവയ്ക്ക് പരമാവധി 20 രൂപയും ദോശയ്ക്ക് 30 രൂപയും ചെലവഴിക്കാം.
അടുത്തിടെ അക്രമം നടന്ന മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ചായ, സമൂസ, കച്ചോരി, ഈത്തപ്പഴം എന്നിവയ്ക്ക് 10 രൂപ മാത്രമേ ചെലവഴിക്കാന്‍ പറ്റൂ. തെങ്ങനാപാൽ ജില്ലയിൽ കട്ടൻ ചായയ്‌ക്ക് 5 രൂപയും ചായയ്ക്ക് 10 രൂപയുമാണ്. താറാവിൻ്റെ ഇറച്ചി കിലോയ്ക്ക് 300 രൂപ.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ചെന്നൈയിൽ ചായയുടെ വില പരമാവധി 15 രൂപയായും കാപ്പിക്ക് 20 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. ചിക്കൻ ബിരിയാണിക്ക് 180 രൂപയായി.
നോയിഡയിലെ ഗൗതമബുദ്ധ നഗറിൽ വെജ് മീൽ 100 രൂപ, ഒരു കപ്പ് ചായ 10 രൂപ, കച്ചോരി 15 രൂപ, സാൻഡ്‌വിച്ച് 25 രൂപ, ഒരു കിലോ ജിലേബി 90 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഇക്കുറി നോർത്ത് ഗോവയിലെ സ്ഥാനാർഥികൾക്ക് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ചായയുടെ വില 15 മുതൽ 20 രൂപ വരെയാണ്. ഹരിയാന ജിന്ദിൽ മതർ പനീർ 160 രൂപ, ദാൽ മഖ്‌ന-മിക്‌സഡ് വെജ് എന്നിവയ്‌ക്ക് 130 രൂപയാണ് കണക്ക്.
തീര്‍ന്നില്ല ഹെലിപാഡുകൾ, ആഡംബര വാഹനങ്ങൾ, ഫാം ഹൗസുകൾ തുടങ്ങി പൂക്കൾക്കും കൂളറുകൾക്കും എസികൾക്കും സോഫകൾക്കും വരെ നിരക്ക് കാർഡിൽ വില നിശ്ചയിച്ചിട്ടുണ്ട്. ഇതിനുപുറമെ മാലകളുടെ വിലയിലും പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുയോഗങ്ങൾ, റാലികൾ, പരസ്യങ്ങൾ, ഹോർഡിങ്ങുകൾ, ലഘുലേഖകൾ, മീറ്റിങ് വേദികൾ എന്നിവയുടെ ചെലവ് പരിധിയും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ റേറ്റ് ചാര്‍ട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ഥാനാർഥികൾക്ക് ചെലവ് പരിധിയുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ ചെലവിന് പരിധിയില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് ആന്ധ്രാപ്രദേശിലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയുടെ ചെലവിൻ്റെ പരമാവധി പരിധി 95 ലക്ഷം രൂപയാണ്. അരുണാചൽ പ്രദേശ്, ഗോവ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് 75 ലക്ഷം രൂപയാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ സ്ഥാനാർഥികളുടെ ചെലവ് പരിധി 75 ലക്ഷം മുതൽ 95 ലക്ഷം വരെയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് യോഗങ്ങളിൽ പങ്കെടുക്കുന്ന പ്രവർത്തകർക്കും, വോട്ടർമാർക്കും സ്ഥാനാർഥികളോ പാർട്ടികളോ സൗകര്യങ്ങൾ ഒരുക്കണം. ചായയും സമൂസയും സഹിതം ഭക്ഷണം നല്‍കണം. സ്ഥാനാർഥികളുടെ/പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഇവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മാനദണ്ഡങ്ങൾക്ക് വിധേയമായി ചെലവഴിക്കേണ്ടിവരും.
എന്നാൽ, വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും മദ്യം നൽകാറുണ്ടെങ്കിലും അതിന്‍റെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെളിപ്പെടുത്തിയിട്ടില്ല. അത് പരസ്യമായ ഒരു രഹസ്യമാണ്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 55 (1) പ്രകാരം ഒരു സ്ഥാനാർഥി നാമനിർദേശം ചെയ്യുന്ന സമയം മുതൽ ഫല പ്രഖ്യാപനം വരെയുള്ള തൻ്റെ ചെലവുകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന് കൃത്യമായി നൽകണം.