ന്യൂഡല്‍ഹി: മുതിർന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് ഭാരതരത്ന (L K Advani Ji Will Be Conferred Bharat Ratna). ഇന്ത്യയുടെ മുൻ ഉപ പ്രധാനമന്ത്രിക്ക് ഭാരതരത്ന നല്‍കുന്ന കാര്യം, പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെയാണ് അറിയിച്ചത്. 96 -ാം വയസ്സിലാണ് രാജ്യത്തിന്‍റെ പരമോന്നത സിവിലിയൻ അവാര്‍ഡ് അദ്വാനിയെ തേടിയെത്തുന്നത്. പൊതുരംഗത്തെ സംഭാവന പരിഗണിച്ചാണ് ഭാരതരത്ന സമ്മാനിക്കുന്നത്.
എല്‍കെ അദ്വാനിയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു. രാജ്യ വികസനത്തിന് അദ്വാനി നല്‍കിയത് മഹത്തായ മാതൃകകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. രാഷ്‌ട്രത്തെ സേവിക്കാനായി ജീവിതം മാറ്റിവെച്ച് വ്യക്തിയാണ് എല്‍ കെ അദ്വാനി എന്നും, രാജ്യത്തിന്‍റെ വികസനത്തിനായി അദ്ദേഹം നൽകിയ സംഭവനകൾ ബൃഹത്താണ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. താഴേത്തട്ട് മുതൽ ഉപപ്രധാനമന്ത്രി എന്ന നിലയിൽ വരെ രാഷ്‌ട്രത്തെ സേവിച്ച ജീവിതമാണ് അദ്വാനിയുടേതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച രാഷ്‌ട്ര തന്ത്രജ്ഞനാണ് അദ്വാനിജീ. നമ്മുടെ ആഭ്യന്തര മന്ത്രിയായി അദ്ദേഹം മികച്ച പ്രവർത്തനം നടത്തി. അദ്ദേഹത്തിന്‍റെ പാർലമെന്‍ററി ഇടപെടലുകൾ എല്ലായ്‌പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്‌ചകൾ നിറഞ്ഞതുമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.