അറബിക്കടലില്‍ ചിതറിക്കിടക്കുന്ന 10 ദ്വീപുകളടങ്ങിയ ലക്ഷദ്വീപ്. രാജ്യത്തെ ഏറ്റവും ചെറിയ പാര്‍ലമെന്‍റ് മണ്ഡലം. ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശവും. അര ലക്ഷത്തില്‍ താഴെ വരുന്ന ലക്ഷദ്വീപുകാരുടെ ജന പ്രതിനിധിയെ അറിയാന്‍ ജൂണ്‍ നാലിന് കവരത്തിയിലാണ് വോട്ടെണ്ണല്‍. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലമായത് കൊണ്ടുതന്നെ രാജ്യത്ത് ഏറ്റവും ആദ്യം തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ കഴിയുന്ന സീറ്റും ലക്ഷദ്വീപാവും.
എന്‍സിപിയിലെ രണ്ട് വിഭാഗങ്ങളും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്ന മണ്ഡലമെന്ന പ്രത്യേകതയുണ്ട് ലക്ഷദ്വീപിന്. ബിജെപിക്കൊപ്പമുള്ള ഔദ്യോഗിക എന്‍സിപിക്കാണ് ക്ലോക്ക് ചിഹ്നം. ഇന്ത്യ സഖ്യത്തില്‍ എന്‍സിപി പവാര്‍ വിഭാഗവും കോണ്‍ഗ്രസും ലക്ഷദ്വീപില്‍ പരസ്‌പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്.
നിലവിലെ എംപി എന്‍സിപി ശരദ് ചന്ദ്ര പവാര്‍ വിഭാഗത്തിലെ മുഹമ്മദ് ഫൈസല്‍ പിപിയും, മുന്‍ എംപി കോണ്‍ഗ്രസിലെ ഹംദുല്ലാ സെയ്‌ദും, മുസ്‌ലിം മത പണ്ഡിതനും ബിജെപി പിന്തുണയ്ക്കുന്ന എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥിയുമായ യൂസഫ് ടിപിയും തമ്മിലാണ് പ്രധാന മല്‍സരം. ഇവര്‍ക്ക് പുറമേ സ്വതന്ത്ര സ്ഥാനാര്‍ഥി കോയയും മല്‍സരിക്കുന്നു.
- സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും :
- മുഹമ്മദ് ഫൈസല്‍ പിപി- എന്‍സിപി ശരത്ചന്ദ്ര പവാര്‍- കാഹളം മുഴക്കുന്ന മനുഷ്യന്‍
- ഹംദുല്ല സെയ്‌ദ്- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈപ്പത്തി
- യൂസഫ് ടി പി- എന്‍സിപി- ഘടികാരം
- കോയ- സ്വതന്ത്രന്‍- കപ്പല്‍
സ്ഥാനാര്‍ത്ഥികളെല്ലാം ദ്വീപുകാര്‍ക്ക് സുപരിചിതരായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹംദുല്ല സെയ്‌ദും, എന്‍സിപി പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥി ഫൈസല്‍ മൂത്തോനും ആന്ത്രോത്ത് സ്വദേശികളാണ്. എന്‍സിപി സ്ഥാനാര്‍ത്ഥി യൂസഫ് ടിപി കടമത്ത് ദ്വീപ് സ്വദേശിയാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കോയ കല്‍പ്പേനി സ്വദേശിയും.
ലക്ഷദ്വീപില്‍ അറിയപ്പെടുന്ന മത പണ്ഡിതനാണ് സുന്നി സംഘടന നേതാവ് കൂടിയായ യൂസഫ് ടി പി. ജാമിയത്ത് ശുബനുസുന്നിയ സംഘടനയുടെ സ്ഥാപക നേതാവാണ്. കടമത്ത് ദ്വീപിലെ ഇമാമും മദ്രസ അധ്യാപകനുമൊക്കെയായ യൂസഫിന്‍റെ കുടുംബവും പൊതു പ്രവര്‍ത്തന രംഗത്ത് അറിയപ്പെടുന്നവരാണ്.
നിലവിലെ എംപി മുഹമ്മദ് ഫൈസല്‍ പിപി ഇത്തവണ എന്‍സിപി ശരത്ചന്ദ്ര പവാര്‍ വിഭാഗത്തിന് വേണ്ടിയാണ് മല്‍സരിച്ചത്. ഏറെക്കാലം ലക്ഷദ്വീപ് എംപിയും ലോക്‌സഭ ഡെപ്യൂട്ടി സ്‌പീക്കറുമൊക്കെയായിരുന്ന പിഎം സയീദിന്‍റെ മകന്‍ ഹംദുല്ല സെയ്‌ദ് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനാണ് മൊഹമ്മദ് ഹംദുല്ല സെയ്‌ദ് പരാജയപ്പെട്ടത്.
കഴിഞ്ഞ തവണ എന്‍സിപിയിലെ മുഹമ്മദ് ഫൈസല്‍ പടിപ്പുര ജയിച്ചത് കേവലം 823 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു. 2014ലും ഇരുവരും തന്നെയായിരുന്നു നേര്‍ക്കുനേര്‍ മത്സരിച്ചത്. അന്ന് ഫൈസല്‍ ജയിച്ചത് 1535 വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു. 2009-ല്‍ ഹംദുല്ല സെയ്ദ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചത് 2198 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു.
- ലക്ഷദ്വീപ് ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2019
- മുഹമ്മദ് ഫൈസല്‍ പിപി- എന്‍ സിപി- 22851
- മൊഹമ്മദ് ഹംദുല്ല സെയ്ദ്- കോണ്‍ഗ്രസ്- 22028
- ഭൂരിപക്ഷം- 823
കഴിഞ്ഞ തവണ എട്ട് സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. എന്‍സിപി സ്ഥാനാര്‍ഥി മൊഹമ്മദ് ഫൈസല്‍ 22851 വോട്ടുകളും കോണ്‍ഗ്രസിലെ ഹംദുല്ല സെയ്‌ദ് 22028 വോട്ടുകളുമാണ് കഴിഞ്ഞ തവണ നേടിയത്. ലക്ഷദ്വീപ് സമൂഹത്തില്‍ എന്‍സിപിക്കും കോണ്‍ഗ്രസിനും 20,000 ത്തിലധികം വോട്ടുകളുടെ ഉറച്ച അടിത്തറയുണ്ടെന്നതാണ് തെരഞ്ഞെടുപ്പ് ചരിത്രം വെളിവാക്കുന്നത്.
തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ 450 വോട്ട് കരസ്ഥമാക്കിക്കൊണ്ടിരുന്ന സിപിഎം ഇത്തവണ ദ്വീപില്‍ മല്‍സര രംഗത്തില്ല. എന്‍സിപി ശരത് പവാര്‍ വിഭാഗം സ്‌ഥാനാര്‍ത്ഥി മുഹമ്മദ് ഫൈസലിനാണ് സിപിഎം പിന്തുണ. 150 ഓളം വോട്ടുള്ള സിപിഐയും എന്‍സിപി പവാര്‍ വിഭാഗത്തെ പിന്തുണക്കുന്നു.
ദേശീയ തലത്തില്‍ എന്‍സിപി പിളര്‍ന്നപ്പോള്‍ സംസ്ഥാന ഘടകം ശരത് പവാറിനൊപ്പം നില്‍ക്കുകയായിരുന്നു. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ നടപ്പിലാക്കുന്ന നയങ്ങള്‍ ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും തിരിച്ചടിയാകുമെന്ന് സിറ്റിങ്ങ് എംപിയും പവാര്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ബിജെപി നേരിട്ട് മല്‍സരിക്കാതെ സഖ്യകക്ഷിയായ എന്‍സി പിയെ ക്ലോക്ക് അടയാളത്തില്‍ മല്‍സരിപ്പിച്ചത് പരാജയ ഭീതി കാരണമാണെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ബിജെപി ഇത്തവണ സഖ്യ കക്ഷിയായ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിനാണ് ലക്ഷദ്വീപ് സീറ്റ് നല്‍കിയത്. എന്‍സിപി സംസ്ഥാന നേതാക്കളില്‍ കവറത്തി സ്വദേശി ടിവി അബ്‌ദുള്‍ റസാഖ് പിളര്‍പ്പിനെ തുടര്‍ന്ന് അജിത് പവാര്‍ പക്ഷത്തോടൊപ്പം നില്‍ക്കുകയായിരുന്നു. നിലവില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷനും ഇദ്ദേഹമാണ്.
ഔദ്യോഗിക പേരും ചിഹ്നവും ലഭിച്ചതോടെ അജിത് വപാറിന്‍റെ എന്‍സിപിക്ക് ദ്വീപില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മുസ്‌ലിം ഭൂരിപക്ഷ മേഖലയെങ്കിലും 2009 മുതല്‍ ദ്വീപില്‍ മത്സരിക്കുന്ന ബിജെപിക്ക് 250 വോട്ടുണ്ട്. 1000 ത്തിലേറെ വോട്ടുള്ള ജെഡിയു ഇത്തവണ മല്‍സര രംഗത്തില്ല. വോട്ട് വിഹിതം ചെറുതെങ്കിലും ചെറുകക്ഷികളുടെ നിലപാടുകള്‍ പോലും ദ്വീപിലെ ജയ പരാജയങ്ങളെ സ്വാധീനിക്കും.