കേരളം

kerala

ETV Bharat / bharat

ലക്ഷദ്വീപ് നാളെ പോളിങ് ബൂത്തിലേക്ക്; വിപുലമായ സന്നാഹങ്ങളൊരുക്കി ദ്വീപ് ഭരണകൂടം - Lakshadweep Election - LAKSHADWEEP ELECTION

LAKSHADWEEP LOK SABHA ELECTION 2024 | ലക്ഷദ്വീപ് പോളിങ് ബൂത്തിലേക്ക്. മുന്നൂറോളം പോളിങ്ങ് ഉദ്യോഗസ്ഥന്മാര്‍ പോളിങ് സ്‌റ്റേഷനുകളില്‍ എത്തിക്കഴിഞ്ഞു. 29,278 പുരുഷന്മാരും 28,506 സ്ത്രീകളുമടക്കം 57,784 വോട്ടര്‍മാരാണ് ലക്ഷദ്വീപിലുള്ളത്.

LAKSHADWEEP  2024 LOKSABHA ELECTION LAKSHADWEEP  ലക്ഷദ്വീപ് തെരഞ്ഞെടുപ്പ്  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
Lakshadweep to face voting friday, Voting materials and EVMs reaching Lakshadweep

By ETV Bharat Kerala Team

Published : Apr 18, 2024, 8:13 PM IST

കവരത്തി: ലക്ഷദ്വീപിലെ തെരഞ്ഞെടുപ്പിന് ഇവിഎമ്മുകളും വോട്ടിങ് സാമഗ്രികളുമായി കിൽത്താൻ ദ്വീപിലേക്ക് യാത്ര തിരിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. കപ്പലുകളിലും ബോട്ടുകളിലുമായാണ് ഉദ്യോഗസ്ഥര്‍ ലക്ഷദ്വീപിലേക്ക് തിരിച്ചത്.

അറബിക്കടലില്‍ ചിതറിക്കിടക്കുന്ന 10 ദ്വീപുകളടങ്ങിയ ലക്ഷദ്വീപ് നാളെ (19-04-2024) യാണ് തങ്ങളുടെ പാര്‍ലമെന്‍റംഗത്തെ തെരഞ്ഞെടുക്കാന്‍ ബൂത്തിലേക്ക് എത്തുന്നത്. 29,278 പുരുഷന്മാരും 28,506 സ്ത്രീകളുമടക്കം 57,784 വോട്ടര്‍മാര്‍ മാത്രമേ ഉള്ളുവെങ്കിലും വിപുലമായ സന്നാഹങ്ങളാണ് ലക്ഷദ്വീപ് ഭരണകൂടം വോട്ടെടുപ്പിന് ഒരുക്കിയിരിക്കുന്നതെന്ന് കളക്‌ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ അര്‍ജുന്‍ മോഹന്‍ ഐഎഎസ് ഇടിവി ഭാരതിനോട് പറഞ്ഞു.

മുന്നൂറോളം പോളിങ്ങ് ഉദ്യോഗസ്ഥന്മാര്‍ പോളിങ് സ്‌റ്റേഷനുകളില്‍ എത്തിക്കഴിഞ്ഞു. ക്രമസമാധാന പാലനത്തിന് അഞ്ഞൂറിലേറെ പൊലീസുകാരെയും നിയോഗിച്ച് കഴിഞ്ഞു.

ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിന്‍റെ ആകെ വിസ്‌തൃതി 32 ചതുരശ്ര കിലോമീറ്ററാണ്. എങ്കിലും മണിക്കൂറുകള്‍ ബോട്ടില്‍ സഞ്ചരിച്ച് വേണം ഓരോ ദ്വീപുകളിലും എത്തിപ്പെടാന്‍. ഭൂമി ശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് ലക്ഷദ്വീപിലെ പോളിങ്ങ് സമയത്തിലും ചില മാറ്റങ്ങളുണ്ട്. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി രാവിലെ ഏഴരയ്ക്കാണ് ലക്ഷദ്വീപിലെ 55 ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിക്കുക.

ദ്വീപുകളും ബൂത്തുകളും:

  • ആന്ത്രോത്ത്

ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപാണ് ആന്ത്രോത്ത്. 4.9 ചതുരശ്ര കിലോമീറ്ററാണ് വിസ്‌തീര്‍ണ്ണം. 4.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1.43 കിലോമീറ്റര്‍ വീതിയുള്ള ആന്ത്രോത്ത് ദ്വീപ്, തലസ്ഥാനമായ കവരത്തിയില്‍ നിന്ന് 119 കിലോമീറ്റര്‍ അകലെയാണ്. കൊച്ചിയില്‍ നിന്ന് 293 കിലോമീറ്റര്‍ അകലെയാണ് ആന്ത്രോത്ത് ദ്വീപ്. ജനവാസം ഏറെയുള്ള ആന്ത്രോത്തില്‍ ഒമ്പത് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ 10,668 വോട്ടര്‍മാരാണ് ബൂത്തുകളിലെത്താനുള്ളത്. മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ രണ്ടുപേര്‍ ആന്ത്രോത്ത് സ്വദേശികളാണ്. നിലവിലെ എംപിയും എന്‍സിപി ശരത്ചന്ദ്ര പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥിയുമായ പിപി മൊഹമ്മദ് ഫൈസലും കോണ്‍ഗ്രസ് സ്ഥാവനാര്‍ത്ഥി ഹംദുല്ല സയീദുമാണ് ആന്ത്രോത്ത് സ്വദേശികള്‍.

  • മിനിക്കോയ്

കൊച്ചിയില്‍ നിന്ന് 398 കിലോമീറ്റര്‍ അകലെയുള്ള മിനിക്കോയ് ദ്വീപ് ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ദ്വീപാണ്. 4.8 ചതുരശ്ര കിലോമീറ്ററാണ് വിസ്‌തൃതി. മാലിദ്വീപിന്‍റെ ഭാഗമായ വടക്കേയറ്റത്തെ ഉളിഗന്‍ ദ്വീപുമായി 130 കിലോമീറ്റര്‍ മാത്രം അകലെയാണ് മിനിക്കോയ്. ഇവിടെ എട്ട് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ആകെയുള്ളത് 8602 വോട്ടര്‍മാരാണ്.

  • കില്‍ത്താന്‍

കൊച്ചിയില്‍ നിന്ന് 394 കിലോമീറ്റര്‍ അകലെയുള്ള കില്‍ത്താന്‍ ദ്വീപിന്‍റെ ആകെ വിസ്‌തീര്‍ണ്ണം 2.2 ചതുരശ്ര കിലോമീറ്ററാണ്. കഷ്‌ടിച്ച് മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യവും അര കിലോമീറ്റര്‍ വീതിയുമുള്ള കില്‍ത്താന്‍ ദ്വീപിലുള്ളത് 3789 വോട്ടര്‍മാരാണ്. ഇവര്‍ക്കായി 4 ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

  • കവരത്തി

ലക്ഷദ്വീപിന്‍റെ തലസ്ഥാനമായ കവരത്തിയില്‍ 9 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. കൊച്ചിയില്‍ നിന്ന് 404 കിലോമീറ്റര്‍ അകലെ കിടക്കുന്ന കവരത്തി ആന്ത്രോത്തിനും അഗത്തിക്കും ഇടയിലുള്ള ദ്വീപാണ്. 9648 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.

  • കല്‍പ്പേനി

കവരത്തിക്ക് തെക്ക് കിഴക്ക് മാറി ആന്ത്രോത്ത് മിനിക്കോയ് ദ്വീപുകള്‍ക്കിടയിലുള്ള ദ്വീപാണ് കല്‍പ്പേനി. കരയില്‍ നിന്നുള്ള ദൂരം വെച്ച് നോക്കിയാല്‍ ഏറ്റവും അടുത്തുള്ളത് കല്‍പ്പേനി ദ്വീപാണ്. കൊച്ചിയില്‍ നിന്ന് 287 കിലോമീറ്റര്‍ അകലെയുള്ള കല്‍പ്പേനിയില്‍ ആകെയുള്ളത് 3991 വോട്ടര്‍മാരാണ്. ഇവര്‍ക്കായി നാല് ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കോയ കല്‍പ്പേനി ദ്വീപുകാരനാണ്.

  • കടമത്ത്

ദൈര്‍ഘ്യമേറിയതെങ്കിലും വീതി നന്നേ കുറവുള്ള ദ്വീപാണ് കടമത്ത്. കൊച്ചിയില്‍ നിന്ന് 407 കിലോമീറ്റര്‍ അകലെയുള്ള കടമത്ത് ദ്വീപിലുള്ളത് 4768 വോട്ടര്‍മാരാണ്. 5 ബൂത്തുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ചേത്ലത്ത്, അമിനി ദ്വീപുകള്‍ക്കിടയിലാണ് കടമത്ത് ദ്വീപിന്‍റെ കിടപ്പ്. എന്‍സിപി സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ള ടിപി യൂസഫ് കടമത്ത് ദ്വീപുകാരനാണ്.

  • ചേത്ലത്ത്

അമിനി ദ്വീപില്‍ നിന്ന് 56 കിലോമീറ്റര്‍ അകലത്തിലുള്ള ദ്വീപാണ് ചേത്ലത്ത്. കൊച്ചിയില്‍ നിന്നുള്ള അകലം 432 കിലോമീറ്റര്‍. 2054 വോട്ടര്‍മാര്‍ക്കായി ഇവിടെ 2 ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

അമിനി

കൊച്ചിയില്‍ നിന്ന് 407 കിലോമീറ്റര്‍ അകലെ കവരത്തിക്കും കടമത്ത് ദ്വീപിനും ഇടയിലായി കിടക്കുന്ന അമിനി ദ്വീപിന്‍റെ ആകെ വിസ്‌തൃതി 2.6 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ആറ് ബൂത്തുകളിലായി 7158 വോട്ടര്‍മാരുണ്ട്.

  • അഗത്തി

കൊച്ചിയില്‍ നിന്ന് 459 കിലോമീറ്റര്‍ അകലെ കവരത്തിക്ക് പടിഞ്ഞാറായി കിടക്കുന്ന അഗത്തി ദ്വീപില്‍ 7 പോളിങ് ബൂത്തുകളുണ്ട്. 6874 വോട്ടര്‍മാരും.

  • ബിത്ര

ഏറ്റവും കുറഞ്ഞ ജനവാസമുള്ള ദ്വീപാണ് ബിത്ര. കൊച്ചിയില്‍ നിന്ന് 483 കിലോമീറ്റര്‍ അകലെയുള്ള ബിത്ര ദ്വീപില്‍ ആകെയുള്ളത് 237 വോട്ടര്‍മാരാണ്. ഇവര്‍ക്കായി ഒരു പോളിങ് ബൂത്ത് സജ്ജമാക്കിയിട്ടുണ്ട്.

പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ദ്വീപ് ഭരണകൂടവും വലിയ തോതില്‍ പ്രചാരണ, ബോധവത്കരണ പരിപാടികള്‍ നടത്തിയിരുന്നു. ആകെയുള്ള 57,784 വോട്ടര്‍മാര്‍ക്ക് പുറമേ 169 സര്‍വീസ് വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്.

സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും

മുഹമ്മദ് ഫൈസല്‍ പിപി-എന്‍സിപി ശരത്ചന്ദ്ര പവാര്‍- കാഹളം മുഴക്കുന്ന മനുഷ്യന്‍

ഹംദുല്ല സെയ്‌ദ്- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈപ്പത്തി

യൂസഫ് ടി പി- എന്‍സിപി- ഘടികാരം

കോയ- സ്വതന്ത്രന്‍-കപ്പല്‍

ജൂണ്‍ നാലിന് കവരത്തിയിലാണ് വോട്ടെണ്ണല്‍ നടക്കുക. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലമായത് കൊണ്ടുതന്നെ രാജ്യത്ത് ഏറ്റവും ആദ്യം തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ കഴിയുന്ന സീറ്റും ലക്ഷദ്വീപാവും.

ABOUT THE AUTHOR

...view details