ന്യൂഡൽഹി : കുവൈറ്റില്‍ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 40 ഓളം ഇന്ത്യക്കാർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി വിദേശകാര്യ മന്ത്രാലയം. മരണപ്പെട്ടവരില്‍ 24 മലയാളികള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.
കൊല്ലം പുനലൂര്‍ സ്വദേശിയായ സാജന്‍ ജോര്‍ജ്, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, വയ്യാങ്കര സ്വദേശി ഷമീര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്‍, പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍, കോന്നി അട്ടച്ചാല്‍ സ്വദേശിയായ സജു വര്‍ഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ്, പുലാമന്തോള്‍ സ്വദേശി ബാഹുലേയന്‍, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്‌ണന്‍, കാസര്‍കോട് ചെര്‍ക്കള സ്വദേശി രജ്ഞിത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റവരെ കുവൈറ്റിലെ അദാൻ, ജാബർ, ഫർവാനിയ, മുബാറക് അൽ കബീർ, ജഹ്‌റ എന്നീ അഞ്ച് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
'ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും സുഖമായിരിക്കുന്നു. കുവൈറ്റ് അധികൃതരിൽ നിന്നും കമ്പനിയിൽ നിന്നും എംബസി മുഴുവൻ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു' -വിദേശകാര്യ മന്ത്രാലയം പറഞ്ഞു.