കൊൽക്കത്ത:ആർജി കർ മെഡിക്കൽ കോളജിൽ വനിത ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ. കേസന്വേഷണത്തിൽ മമതയുടേയും കൊൽക്കത്ത പൊലീസിന്‍റെയും ഇടപെടലിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. മാത്രമല്ല, സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് ആദ്യം കണ്ടെത്തിയ അതേ അവസ്ഥയിലായിരുന്നില്ലെന്ന് അവർ ആരോപിച്ചു.
പിജി ഡോക്‌ടർ കൊല്ലപ്പെട്ടതിനെതിരെ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി പ്രതിഷേധിച്ചിരുന്നു. എന്നാൽ, പശ്ചിമബംഗാൾ സർക്കാർ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതായി മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. 'സംഭവത്തിൽ ജനങ്ങളുടെ പ്രതിഷേധം ഇല്ലാതാക്കാനും നീതി ലഭിക്കുന്നത് തടയാനുമുള്ള സർക്കാർ ശ്രമം അപലപനീയമാണ്.
ഇതിനെതിരെ ഞങ്ങൾ പ്രതികരിക്കും. സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' എന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
സംഭവത്തിൽ പ്രതികളെ എല്ലാം പിടികൂടുമെന്നും എല്ലാവരെയും ശിക്ഷിക്കുമെന്നും മമത ബാനർജി പറഞ്ഞിരുന്നു. മാത്രമല്ല ഭരണകൂടം സ്വമേധയാ തെരുവിലിറങ്ങി പ്രതിഷേധങ്ങൾ നടത്തിയിരുന്നു. പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജിയും പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നു. എന്നാൽ അതേ മമതയാണ് ഇപ്പോൾ ജനങ്ങളെ തടയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മകളുടെ മൃതദേഹം കണ്ടെത്തിയ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ ആശങ്കാജനകമായ വിവരങ്ങളാണ് മാതാപിതാക്കൾ പങ്കുവെച്ചത്. മകളുടെ മൃതദേഹം സെമിനാർ ഹാളിൽ നിന്ന് ആദ്യം കണ്ടെത്തിയ അതേ അവസ്ഥയിലായിരുന്നില്ലെന്ന് അവർ പറഞ്ഞു. മാത്രമല്ല ആശുപത്രിയിലെത്തിച്ചപ്പോൾ മൃതദേഹം നേരിട്ട് കാണാൻ അനുവദിക്കാത്തതിനാൽ കൂടുതൽ ഒന്നും പറയാൻ കഴിയില്ല എന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.