ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പിജി ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ സമരം തുടരുമെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്എഐഎംഎ).
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഡോക്‌ടർമാരും തമ്മിൽ ഇന്ന് (ഓഗസ്റ്റ് 19) നടത്തിയ ചർച്ച വീണ്ടും ധാരണയിലെത്താതെ അവസാനിച്ചതോടെയാണ് സമരം തുടരുമെന്ന് എഫ്എഐഎംഎ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എഫ്എഐഎംഎ അസോസിയേഷൻ വ്യക്തമാക്കി.
സമൂഹമാധ്യമമായ എക്‌സിലൂടെയാണ് സംഘടനയുടെ പ്രതികരണം. അതേസമയം കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 20 ന് കേസ് പരിഗണിക്കുന്നതായിരിക്കും. ഓഗസ്റ്റ് 9 ന് ആണ് പിജി ട്രെയിനി ഡോക്‌ടറുടെ മൃതദേഹം ആർ.ജി കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തുന്നത്.
Also Read:സ്വകാര്യഭാഗങ്ങളിലടക്കം 14 മുറിവുകൾ, പിജി ഡോക്‌ടറെ കൊന്നത് ശ്വാസം മുട്ടിച്ച്; പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്