ഡല്‍ഹി: ഡല്‍ഹിയില്‍ ഇടതു ജനപ്രതിനിധികൾ നടത്തിയ സമരം ഇന്ത്യൻ ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ചരിത്രമുന്നേറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സംസ്ഥാനങ്ങളേയും തുല്യതയോടെ പരിഗണിക്കുന്ന പുതിയ പുലരിക്ക് വേണ്ടിയാണ് ഈ സമരമെന്നും ഡല്‍ഹി ജന്തർമന്ദറിലെ സമരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്ന നിയമങ്ങളാണ് കേന്ദ്ര സർക്കാർ നിർമിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത് വ്യക്തമാണ്. യൂണിയൻ സർക്കാർ എന്ന പരാമർശമാണ് പ്രസംഗത്തിലുടനീളം പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിരെ ഉപയോഗിച്ചത് (Pinarayi Vijayan inaugurating the strike at Jantar Mantar)
ഓരോ ധനക്കമ്മീഷനും കഴിയുമ്പോൾ കേരളത്തിന്‍റെ നികുതി കുത്തനെ ഇടിയുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെ കേരളം കൈവരിച്ച നേട്ടങ്ങളുടെ പേരിലാണ് യൂണിയൻ സർക്കാർ കേരളത്തിന് അവകാശങ്ങൾ നിഷേധിക്കുന്നത്. ജനസംഖ്യ നിയന്ത്രണത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങൾ കേരളത്തിന് തന്നെ ശിക്ഷയാകുന്നു. നേട്ടത്തിന്‍റെ പേരില്‍ വിഹിതം വെട്ടിക്കുറയ്‌ക്കുന്നു. നേട്ടങ്ങൾ പരിരക്ഷിക്കണമെങ്കില്‍ പണം വേണം. ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണ് ഇതെന്നും പിണറായി പറഞ്ഞു.
കേരളത്തിന് ലഭിക്കേണ്ട തുക വൈകിക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. യുജിസി നിർദ്ദേശ പ്രകാരം ശമ്പളപരിഷ്‌കരണം നടപ്പാക്കി. പക്ഷേ പണം തന്നില്ല. ഭരണഘടനെ ദുർവ്യാഖ്യാനം ചെയ്‌ത് വായ്‌പ എടുക്കല്‍ പരിമിതപ്പെടുത്തുകയാണ്. ബജറ്റിന് പുറത്തുനിന്ന് കടമെടുക്കുന്നതിനെ സംസ്ഥാനത്തിന്‍റെ പൊതുകടമായി വ്യാഖ്യാനിച്ചു. കേരളത്തില്‍ നടപ്പാക്കേണ്ട പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണ് യൂണിയൻ സർക്കാർ ചെയ്യുന്നത്. കാരണം അവർ പിന്തുടരുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങളില്‍ ഞങ്ങൾക്ക് യോജിപ്പില്ല. ഞങ്ങൾ വിശ്വസിക്കുന്നതും ജനങ്ങൾ ജനാധിപത്യ പ്രക്രിയയിലൂടെ അംഗീകരിച്ചതുമായ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെങ്കില്‍ അത് ഭരണഘടന ധ്വംസനമാണെന്നും പിണറായി ജന്തർമന്തറില്‍ പറഞ്ഞു.