ന്യൂഡല്‍ഹി : ബാരാമുള്ളയില്‍ നിന്നുള്ള ലോക്‌സഭാംഗം തിഹാര്‍ ജയിലില്‍ നിന്ന് ജാമ്യം നേടി പുറത്ത് വന്നു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ഒരു കോടതി ഇദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അടുത്ത മാസം രണ്ട് വരെയാണ് ജാമ്യ കാലാവധി.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്‌തുവെന്ന കേസിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചത്. ജയില്‍ മോചിതനായതോടെ ജമ്മുകശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഇദ്ദേഹത്തിനാകും.
തന്‍റെ ജനതയ്ക്കായുള്ള പോരാട്ടം തുടരുമെന്ന് ജയില്‍ നിന്ന് പുറത്തിറങ്ങിയ റാഷിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്‍ജിനീയര്‍ റാഷിദ് എന്നറിയപ്പെടുന്ന അദ്ദേഹത്തെ മകനും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
വൈകിട്ട് 4.15ഓടെയാണ് അദ്ദേഹം ജയില്‍ മോചിതനായതെന്ന് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബാരാമുള്ളയില്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. റാഷിദിന്‍റെ സംഘടനയായ അവാമി ഇത്തിഹാദ് പാര്‍ട്ടി(എഐപി) നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
അഞ്ചര വര്‍ഷമായി താന്‍ ജയിലിലാണ്. തന്‍റെ ജനതയ്ക്ക് വേണ്ടി പോരാടാന്‍ താന്‍ പ്രതിജ്ഞാബദ്ധമാണ്. താന്‍ ജനങ്ങളെ ഒന്നിച്ച് നിര്‍ത്താനാണ് വന്നിരിക്കുന്നത്. അവരെ ഭിന്നിപ്പിക്കാനല്ലെന്നും അദ്ദേഹം തിഹാര്‍ ജയിലിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കൂട്ടിച്ചേര്‍ത്തു.
'കശ്‌മീരില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കണം. കശ്‌മീരികള്‍ കല്ലേറുകാരല്ലെന്ന് തെളിയിക്കണം. എന്നാല്‍ ഞങ്ങളുടെ രാഷ്‌ട്രീയ അവകാശങ്ങളില്‍ യാതൊരു വിട്ടുവീഴ്‌ചയ്ക്കുമില്ലെ'ന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പുത്തന്‍ കശ്‌മീര്‍ എന്ന പ്രചാരണത്തിനെതിരെ താന്‍ പോരാടുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വോട്ട് നേടാന്‍ വേണ്ടിയാണ് റാഷിദിന് ജാമ്യം നല്‍കിയതെന്നും അല്ലാതെ അവരെ സേവിക്കാനല്ലെന്നും നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്‌ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയുടെ നിഴലാണ് റാഷിദിന്‍റെ അവാമി ഇത്തിഹാദ് പാര്‍ട്ടിയെന്ന് പീപ്പീള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്‌തിയുടെ പരാമര്‍ശത്തില്‍ താന്‍ ഏറെ കരുതലോടെയാണ് മുന്നോട്ട് പോകുന്നതെന്ന് അബ്‌ദുള്ള കൂട്ടിച്ചേര്‍ത്തു. പലരും ചിന്തിക്കുന്ന കാര്യമാണ് അവര്‍ പരസ്യമായി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായി ഈ മാസം 18, 25, ഒക്‌ടോബര്‍ ഒന്ന് തീയതികളിലായാണ് ജമ്മു കശ്‌മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ്. രണ്ട് ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും ഇതിന് സമാധാനമായ തുകയുടെ ഉറപ്പിലുമാണ് റാഷിദിന് അഡിഷണല്‍ സെഷന്‍സ് ജഡ്‌ജി ചന്ദര്‍ ജിത് സിങ് ഇടക്കാല ജാമ്യം അനുവദിച്ചത്. കേസിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്നത് അടക്കമുള്ള നിബന്ധനകളോടെയാണ് ജാമ്യം.
Also Read:രണ്ട് ജയില്‍പുള്ളികൾ ലോക്‌സഭയിലേക്ക്; എന്‍ജിനീയര്‍' റാഷിദിനും അമൃത്പാല്‍ സിങ്ങിനും പാര്‍ലമെന്‍റില്‍ എത്താനാകുമോ? നിയമം പറയുന്നത് ഇങ്ങനെ