ബെംഗളൂരു: കർണാടക ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയെങ്കിലും ബിജെപി-ജെഡിഎസ് സഖ്യം നേടിയ വോട്ടിൽ ഇടിവ്. ആകെ 28 പാർലമെന്‍റ് സീറ്റുകളിൽ 19 സീറ്റുകളാണ് ബിജെപി-ജെഡിഎസ് സഖ്യം വിജയിച്ചത്. ബിജെപിക്ക് 17 സീറ്റും ജെഡിഎസിന് 2 സീറ്റുമാണ് ലഭിച്ചത്. 9 സീറ്റുകൾ നേടിയ കോൺഗ്രസിന്‍റെ വോട്ട് വിഹിതത്തിൽ 45.43 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്.
അതേസമയം 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന് വലിയ മുന്നേറ്റമാണ് ഉണ്ടായത്. കോൺഗ്രസ്-ജെഡിഎസ് സഖ്യം രൂപീകരിച്ചിരുന്ന 2019ൽ കോൺഗ്രസിന് നേടാനായത് ഒരു സീറ്റ് മാത്രമായിരുന്നു. ബിജെപി 25 സീറ്റുകളും നേടിയിരുന്നു. എന്നാൽ ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 8 സീറ്റ് കൂടി നേടാനായി. കർണാടകയിൽ കോൺഗ്രസ് വോട്ട് വിഹിതം വർധിപ്പിച്ചിരിക്കുകയാണ്.
ഇത്തവണ കോൺഗ്രസിൻ്റെ വോട്ട് വിഹിതം 45.43 ശതമാനമായി ഉയർന്നു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 1 സീറ്റ് നേടിയ കോൺഗ്രസിന് 32 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്. 1,75,54,381 വോട്ടുകളാണ് ഇത്തവണ കോൺഗ്രസിന് സംസ്ഥാനത്ത് ലഭിച്ചത്. നേരത്തെ രണ്ടക്ക സീറ്റിലേക്ക് എത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. ഇതിന് കഴിഞ്ഞില്ലെങ്കിലും സംസ്ഥാനത്ത് വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിക്ക് ആത്മവിശ്വാസമാവും.