ബെംഗളൂരു: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ കേസ് റദ്ദാക്കാന്‍ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. ബലാത്സംഗം ചെയ്‌ത ആളെയാണ് പെണ്‍കുട്ടി വിവാഹം കഴിച്ചത്. കുഞ്ഞിന് ജന്മം നല്‍കിയതോടെ യുവാവിനെതിരെയുള്ള ബലാത്സംഗ കേസും പോക്‌സോ കേസും റദ്ദാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ജനിക്കാന്‍ പോകുന്ന കുട്ടിയുടെയും അമ്മയുടെയും ഭാവി കണക്കിലെടുത്താണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. മൈസൂരുവിലെ വരുണ ഹോബ്ലി സ്വദേശിയെ 23കാരനെ പ്രതിയാക്കിയ പോക്‌സോ കേസാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഏകാംഗ ബെഞ്ച് തീർപ്പാക്കിയത്. വിവാഹത്തിന് മുമ്പ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹര്‍ജിക്കാരൻ ബലാത്സംഗം ചെയ്‌തതിനാലാണ് കുട്ടി ജനിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
ജനിച്ച കുഞ്ഞിന് ഇതൊന്നും അറിയില്ലെന്നും കേസ് തീർപ്പാക്കി ഹര്‍ജിക്കാരനെ വിട്ടയച്ചില്ലെങ്കിൽ കുട്ടിയുടെയും അമ്മയുടെയും ജീവിതം പ്രതിസന്ധിയിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. 23കാരനെ ജയിലിൽ നിന്ന് മോചിപ്പിക്കാനാവശ്യമായ നടപടികൾ രജിസ്ട്രാർ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, കുട്ടിയേയും അമ്മയേയും വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാൽ പ്രതിക്കെതിരെയുള്ള കേസ് വീണ്ടും തുറക്കുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നല്‍കി.