ബെംഗളൂരു :വീണ വിജയന്‍റെ എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്‌ത് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്‌ത് കമ്പനി മേധാവി കൂടിയായ വീണ നല്‍കിയ ഹര്‍ജി ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷയായ ബെഞ്ചാണ് പരിഗണിച്ചത് (SFIO). കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍(എസ്എഫ്ഐഒ) അന്വേഷിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.
ഇത് ചോദ്യം ചെയ്‌താണ് വീണ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഈ മാസം പന്ത്രണ്ടിന് തന്നെ കോടതി വാദങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. വിധി പ്രസ്‌താവം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു(Karnataka high court). വിധിയുടെ വിശദവിവരങ്ങള്‍ ശനിയാഴ്‌ച രാവിലെ 10.30-ന് നല്‍കാമെന്ന് കോടതി വ്യക്തമാക്കി.
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസിലാണ് കേന്ദ്രസര്‍ക്കാര്‍ എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്.കേന്ദ്ര കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് വീണയ്ക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. വീണയെ ചോദ്യം ചെയ്യാന്‍ തയാറെടുക്കുന്നതിനിടെയാണ് കേസ് കോടതിയില്‍ എത്തിയത്. സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി രൂപ വീണ കൈപ്പറ്റിയിട്ടുണ്ടെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നും അതുകൊണ്ട് തന്നെ വിശാലമായ ഏജന്‍സി കേസ് അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ വാദിച്ചു (Exalogic Case).
ബെംഗളൂരുവിലെയും എറണാകുളത്തെയും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്‌സാലോജിക്–സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്‌സാലോജിക്കിന് സിഎംആർഎൽ വൻ തുക കൈമാറിയെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്‍റെ ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറി. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം.