കേരളം

kerala

ETV Bharat / bharat

വഖഫ് ബോര്‍ഡ് കർഷകർക്ക് നല്‍കിയ ഒഴിപ്പിക്കൽ നോട്ടീസ് പിൻവലിച്ച് കര്‍ണാടക സര്‍ക്കാര്‍; ഉദ്യോഗസ്ഥർക്ക് താക്കീത് - KARNATAKA ON WAQF LAND CONTROVERSY

വഖഫ് അവകാശവാദങ്ങൾ കാരണം കർഷകർക്ക് ഭൂമി നഷ്‌ടപ്പെടില്ലെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ ഉറപ്പ് നൽകി.

WAQF LAND CONTROVERSY IN KARNATAKA  KARNATAKA CM SIDDARAMAIAH WAQF ROW  വഖഫ് ഭൂമി തര്‍ക്കം കര്‍ണാടക  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 10, 2024, 9:01 PM IST

ബെംഗളൂരു: വഖഫ് നിയമത്തിന്‍റെ പേരില്‍ കർഷകർക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകുന്ന ഉദ്യോഗസ്ഥർക്ക് താക്കീത് നല്‍കി കർണാടക സർക്കാർ. ഭൂമി മ്യൂട്ടേഷൻ രേഖകൾ മാറ്റുകയോ ഒഴിപ്പിക്കൽ നോട്ടീസ് നൽകുകയോ ചെയ്‌താല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. കർണാടക വഖഫ് ബോർഡിന് ഭൂമി കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശം.

മ്യൂട്ടേഷൻ റെക്കോർഡുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട മുൻ ഉത്തരവുകൾ പിൻവലിക്കാനും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദർ കുമാർ കതാരിയ ജില്ലാ ഉദ്യോഗസ്ഥർക്ക് കത്തിൽ നിർദേശം നൽകി. കൃഷി ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതിനെ തുടര്‍ന്ന് വിജയപുരയിലെ ഹോൺവാഡ് ഗ്രാമം ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലെ കർഷകർക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിലെ ആശങ്കകൾ പരിഹരിക്കാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വഖഫ് അവകാശവാദങ്ങൾ മൂലം കർഷകർക്ക് ഭൂമി നഷ്‌ടപ്പെടില്ലെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. കർഷകർക്ക് വഖഫ് ബോർഡ് നൽകിയ 423 ഒഴിപ്പിക്കൽ നോട്ടീസുകൾ റദ്ദാക്കിയതായി കർണാടക വ്യവസായ മന്ത്രി എം ബി പാട്ടീൽ അറിയിച്ചു. കർഷകരുടെയോ ആരാധനാലയങ്ങളുടെയോ പൊതുജനങ്ങളുടെയോ സ്വത്ത് വഖഫ് ബോർഡ് ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂപരിഷ്‌കരണ നിയമം ഉൾപ്പെടെയുള്ള കർണാടകയുടെ നിയമ ചട്ടക്കൂട് ശക്തമാണെന്ന് നിയമ, പാർലമെന്‍ററി കാര്യ മന്ത്രി എച്ച്‌കെ പാട്ടീൽ വ്യക്തമാക്കി. കർഷകരിൽ നിന്ന് ആർക്കും ഭൂമി പിടിച്ചെടുക്കാനാകില്ല. മത-ജാതി വേർതിരിവുകൾ സൃഷ്‌ടിക്കാൻ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംയുക്ത പാർലമെന്‍ററി കമ്മിറ്റി (ജെപിസി) അധ്യക്ഷൻ ജഗദാംബിക പാല്‍ അടുത്തിടെ നടത്തിയ പര്യടനത്തെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മന്ത്രി സമീർ അഹമ്മദ് ഖാനും വിമർശിച്ചു. കർണാടകയിലെ ഉപതെരഞ്ഞെടുപ്പിലും മഹാരാഷ്‌ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭ തെരഞ്ഞെടുപ്പുകളിലും ബിജെപി വഖഫ് ഭൂമി വിഷയം മുതലെടുക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

വഖഫ് ഭൂമി വിവാദം കോൺഗ്രസിനുള്ളിൽ തന്നെ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. രണ്ട് ഡസനോളം എംഎൽഎമാരാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയത്. പ്രശ്‌നം വേഗത്തിൽ പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം അമുസ്‌ലിം വോട്ടർമാര്‍ അകലുമെന്നും എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. വോട്ടർമാരെ ധ്രുവീകരിക്കാൻ ബിജെപി വിവാദം മുതലെടുക്കുകയാണെന്നും എംഎല്‍എമാര്‍ കത്തില്‍ പറയുന്നു.

അതിനിടെ, വഖഫ് സ്വത്ത് പ്രശ്‌നത്തെത്തുടർന്ന് ഹാവേരി ജില്ലയില്‍ കർഷകൻ ആത്മഹത്യ ചെയ്‌തു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ബിജെപി എംപി തേജസ്വി സൂര്യയ്‌ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. സംഭവം റിപ്പോർട്ട് ചെയ്‌ത മാധ്യമങ്ങളുടെ എഡിറ്റർമാർക്കെതിരെയും എഫ്ഐആർ ഫയൽ ചെയ്‌തിട്ടുണ്ട്.

Also Read:മുനമ്പം ഭൂമി പ്രശ്‌നം; വഖഫ് മന്ത്രിക്ക് മറുപടിയുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

ABOUT THE AUTHOR

...view details