കേരളം

kerala

ETV Bharat / bharat

സർക്കാരിനെതിരെ ഉപവാസം നടത്തുന്നത് പോലും കുറ്റകരമാകും; പുതിയ ക്രിമിനൽ നിയമങ്ങളെ എതിർത്ത് കർണാടക - Karnataka opposes new criminal laws

രാജ്യത്ത് ഇന്ന് മുതല്‍ നിലവില്‍ വന്ന പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക സുരക്ഷ സംഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നിവയെ എതിർത്ത് കർണാടക സർക്കാർ.

NEW CRIMINAL LAWS  KARNATAKA GOVT NEW CRIMINAL LAWS  പുതിയ ക്രിമിനൽ നിയമങ്ങള്‍ കർണാടക  ഭാരതീയ ന്യായ സംഹിത കര്‍ണാടക
Minister HK Patil (Etv Bharat)

By ETV Bharat Kerala Team

Published : Jul 1, 2024, 11:00 PM IST

ബെംഗളൂരു : രാജ്യത്ത് ഇന്ന് മുതല്‍ നിലവില്‍ വന്ന പുതിയ ക്രിമിനൽ നിയമങ്ങളെ എതിർത്ത് കർണാടക സർക്കാർ. തങ്ങളുടെ നിർദേശങ്ങൾ കേന്ദ്രസർക്കാർ പരിഗണിച്ചില്ലെന്ന് കര്‍ണാടക പറഞ്ഞു. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ പ്രൊസീജ്യർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്‌ട് എന്നിവയ്ക്ക് പകരമുള്ള ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക സുരക്ഷ സംഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നീ മൂന്ന് നിയമങ്ങൾ ബിജെപി സർക്കാരിന്‍റെ മുൻ ഭരണകാലത്ത് തന്നെ നടപ്പാക്കേണ്ടതായിരുന്നു എന്ന് കർണാടക നിയമ, പാർലമെന്‍ററി കാര്യ മന്ത്രി എച്ച്‌കെ പാട്ടീൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഈ നിയമങ്ങൾ അവലോകനം ചെയ്‌ത് നിർദേശങ്ങൾ നൽകണമെന്ന് 2023-ൽ കത്തെഴുതിയതായും മന്ത്രി പറഞ്ഞു. ഞങ്ങൾ ആകെ 23 നിർദേശങ്ങൾ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അതൊന്നും കാര്യമായി എടുത്തില്ല. ഞങ്ങളുടെ അഭിപ്രായമൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പൊതുജനാഭിപ്രായവും നിയമജ്ഞരുടെ നിർദേശവും അവഗണിച്ചാണ് ഈ മൂന്ന് നിയമങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത് എന്നും അതിനാൽ കര്‍ണാടക സർക്കാർ ഈ മൂന്ന് നിയമങ്ങളെയും എതിർക്കുന്നതായും മന്ത്രി എച്ച്‌കെ പാട്ടീൽ വ്യക്തമാക്കി. മൂന്ന് നിയമങ്ങളും ഇപ്പോൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഒരു നിയമം ഉണ്ടാക്കുന്ന ഏതൊരു സർക്കാരിനും അതിന്‍റെ ഭരണകാലത്ത് അത് നടപ്പിലാക്കാൻ അവകാശമുണ്ട്. എന്നാൽ, സർക്കാരിന്‍റെ കാലാവധി അവസാനിച്ചതിന് ശേഷം ഇത് നടപ്പാക്കുന്നത് അധാർമികവും രാഷ്‌ട്രീയ അസംബന്ധവുമായ നീക്കമാണെന്നും പാട്ടീൽ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്‍റെ മന്ത്രിസഭ യോഗം എടുത്ത തീരുമാനം ഇപ്പോൾ നടപ്പാക്കുന്നത് ശരിയല്ല. അവരുടെ മുൻ ടേമിൽ തന്നെ നടപ്പിലാക്കേണ്ടിയിരുന്നു. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഉപവാസം നടത്തുന്നത് പുതിയ നിയമത്തില്‍ കുറ്റകരമാണെന്ന് ഭേദഗതിയുടെ വ്യാപ്‌തി വിശദീകരിച്ചുകൊണ്ട് പാട്ടീൽ പറഞ്ഞു. ഇത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രപിതാവിനോടും ദേശീയ ചിഹ്നത്തോടും ത്രിവർണ പതാകയോടും അനാദരവ് കാണിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമഭേദഗതി വേണമെന്ന് കർണാടക സർക്കാർ കേന്ദ്രത്തോട് നിർദേശിച്ചെങ്കിലും ഇത് അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി ആലോചിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ നിയമമനുസരിച്ച് 90 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അനുവദിക്കുന്നതെന്നും ഇത് നീണ്ട കാലയളവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, പൊലീസ് കസ്റ്റഡിയുടെ ദൈർഘ്യം കുറയ്ക്കുന്നതിന് ഭേദഗതി വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read :ഐപിസിയും സിആര്‍പിസിയും ചരിത്രം; രാജ്യത്ത് ഇനി പുതിയ നിയമങ്ങളും പുതിയ ശിക്ഷയും - New Criminal Laws Take Effect

ABOUT THE AUTHOR

...view details