ന്യൂഡല്‍ഹി :കേന്ദ്ര സർക്കാരിന്‍റെ നികുതി വിഭജന നയങ്ങൾക്കെതിരെ കോൺഗ്രസ് കർണാടക ഘടകത്തിലെ എംഎൽഎമാരും എംപിമാരും ബുധനാഴ്‌ച (07-02-2024) ദേശീയ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കാനായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചൊവ്വാഴ്‌ച (06-02-2024) രാത്രി ഡൽഹി വിമാനത്താവളത്തിൽ എത്തി (Karnataka C M Siddaramaiah, Deputy C M Shivakumar Arrive In Delhi). 'ചലോ ഡൽഹി' എന്നാണ് കർണാടക കോൺഗ്രസ് പ്രതിഷേധത്തിന് പേരിട്ടിരിക്കുന്നത് (Karnataka Cabinet Protest Against Central Government).
കേന്ദ്രസർക്കാർ കർണാടകയെ സാമ്പത്തികമായി അടിച്ചമർത്തുകയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിഷേധത്തിൽ പങ്കുചേരാൻ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. 'കർണാടകയോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സാമ്പത്തിക അടിച്ചമർത്തലിനെതിരെ നമുക്ക് ശബ്‌ദമുയർത്താം. നാളെ ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന സത്യഗ്രഹത്തിൽ പങ്കെടുത്ത് അവകാശങ്ങൾക്കായി നമുക്ക് പ്രതിഷേധിക്കാം' -സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു.
ആസൂത്രിതമായ പ്രതിഷേധം ഭാരതീയ ജനത പാർട്ടിക്ക് (ബിജെപി) എതിരല്ലെന്നും എല്ലാ എംഎൽഎമാരും പാർട്ടി ഭേദം മറന്ന് പങ്കെടുക്കണമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നേരത്തെ തന്നെ പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിന്‍റെ ഈ നടപടിക്കെതിരെ കര്‍ണാടക സർക്കാർ പ്രതിഷേധിക്കും, എല്ലാ എംഎൽഎമാരും കക്ഷിഭേദം മറന്ന് പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്‍റെ നന്മയ്ക്കായി നാമെല്ലാവരും ഒരുമിച്ച് പോരാടണം. നമ്മൾ ഒരു യൂണിയൻ സംവിധാനത്തിലാണ്. കേന്ദ്ര സർക്കാരുമായി നമ്മൾ സഹകരിച്ച് പ്രവർത്തിച്ചുവെങ്കിലും കേന്ദ്രം നമ്മളോട് അനീതി കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് 19 ന്‍റെ സമയത്ത് പോലും നമുക്ക് ശരിയായ ആശ്വാസം ലഭിച്ചിട്ടില്ല, കനത്ത മഴയിൽ പോലും നമുക്ക് ഗ്രാന്‍റ് ലഭിച്ചില്ല, ഭദ്ര മേൽദണ്ഡേ പദ്ധതിക്ക് 5300 കോടി രൂപ നൽകിയില്ലെന്നും മന്ത്രി പറഞ്ഞു. ഇത് ബിജെപിയോടുള്ള പ്രതിഷേധമല്ല. പകരം, സാമ്പത്തിക വിതരണത്തിലെയും വരൾച്ച ദുരിതാശ്വാസത്തിലെയും വിവേചന മനോഭാവത്തിനെതിരായ പ്രതിഷേധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.