ബംഗളൂരു: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്‍റെ കുടുംബത്തിന് കര്‍ണാടക ധനസഹായം പ്രഖ്യാപിച്ചു. 15 ലക്ഷം രൂപയാണ് അജീഷിന്‍റെ കുടുംബത്തിന് കർണാടക പ്രഖ്യാപിച്ച ധനസഹായം. കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്ദ്രയാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.
കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഖ്‌നയുടെ ആക്രമണത്തിലാണ് അജീഷ് കൊല്ലപ്പെട്ടത്. അതിനാൽ കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നൽകുന്ന അതേ തുകയാണ് അജീഷിന്‍റെ കുടുംബത്തിനും നൽകുന്നത്. അജീഷിനെ കർണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതായി ഈശ്വർ ഖന്ദ്ര പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഇടപെടലിന് പിന്നാലെയാണ് കർണാടക സഹായം പ്രഖ്യാപിച്ചത്. വായനാട്ടിലെത്തിയ രാഹുൽ ഗാന്ധി അജീഷിന്‍റെ കുടുംബത്തെ സന്ദർശിച്ചിരുന്നു. പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി രാഹുൽ നടത്തിയ ഫോൺ സംഭാഷണത്തിനൊടുവിലാണ് വനം മന്ത്രി ധനസഹായം പ്രഖ്യാപിച്ചത്.