കേരളം

kerala

ETV Bharat / bharat

പാക് സൈന്യത്തിന്‍റെ പൈശാചികതയുടെ നേര്‍സാക്ഷ്യം; കാര്‍ഗിലിന്‍റെ ജ്വലിക്കുന്ന സ്‌മരണകളില്‍ ക്യാപ്‌റ്റന്‍ സൗരഭ് കാലിയ - KARGIL WAR MEMORY CAPTAIN SAURABH - KARGIL WAR MEMORY CAPTAIN SAURABH

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ക്യാപ്‌റ്റന്‍ സൗരഭ് കാലിയയുടെ ഓര്‍മകളിലൂടെ...

Etv BharatPAK ATROCITIES ON SAURABH KALIA  KARGIL WAR MEMORY CAPTAIN SAURABH  ക്യാപ്‌റ്റന്‍ സൗരഭ് കാലിയ  കാര്‍ഗില്‍ യുദ്ധം പാക് ക്രൂരതകള്‍
Captain Saurabh Kalia (ETV Bharat)

By ETV Bharat Kerala Team

Published : Jul 25, 2024, 7:24 AM IST

ന്യൂഡല്‍ഹി: പരസ്‌പര ധാരണകളുടെ മര്യാദ ലംഘിച്ച് പാക്‌ സൈന്യം ഇന്ത്യന്‍ മണ്ണില്‍ നടത്തിയ കടന്നുകയറ്റത്തെ ഇന്ത്യ വിജയകരമായി പ്രതിരോധിച്ച കാര്‍ഗില്‍ യുദ്ധത്തിന്‍റെ ഓര്‍മകള്‍ക്ക് 25 വയസ്. അതി ശൈത്യത്തിന്‍റെ മറപറ്റി ചതിയിലൂടെ പാകിസ്ഥാന്‍ പിടിച്ചെടുത്ത കാര്‍ഗില്‍ മേഖലയിലെ പോസ്‌റ്റുകള്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ സേന നടത്തിയ ധീരോജ്ജ്വല പോരാട്ടത്തില്‍ രാജ്യത്തിന് അന്ന് നഷ്‌ടമായത് 527 ജവാന്‍മാരെയാണ്.

പാകിസ്ഥാന്‍റെ ചതിയറിയാതെ അപകടത്തിലേക്ക് നടന്നുകയറി, രാജ്യത്തിന് വേണ്ടി ആദ്യം ജീവന്‍ നല്‍കേണ്ടി വന്നവരില്‍ പ്രധാന പേരാണ് ക്യാപ്‌റ്റന്‍ സൗരഭ് കാലിയ. തന്‍റെ 22-ാം വയസില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ക്യാപ്‌റ്റന്‍ കാലിയ കാര്‍ഗില്‍ യുദ്ധത്തിന്‍റെ ജ്വലിക്കുന്ന ഓര്‍മകളിലൊന്നാണ്.

പാകിസ്ഥാന്‍ പട്ടാളം പോസ്‌റ്റ് പിടിച്ചെടുത്തത് അറിയാതെ ദ്രാസിനടുത്തുള്ള ബജ്റങ് പോസ്റ്റിന് സമീപം പട്രോളിങ്ങിന് പോയ ക്യാപ്റ്റന്‍ സൗരഭ് കാലിയയെയും സംഘത്തെയും പാക്‌ സൈന്യം പിടികൂടുകയായിരുന്നു. പാക് സൈന്യത്തിന്‍റെ കണ്ണില്ലാത്ത ക്രൂരതയാണ് പിന്നീട് അരങ്ങേറിയത്. ക്യാപ്‌റ്റനെയും സംഘത്തെയും പാക് പട്ടാളം അതി കഠിനമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയ ശേഷമാണ് കൊലപ്പെടുത്തുന്നത്.

ക്യാപ്‌റ്റന്‍ സൗരഭ് കാലിയ:പഞ്ചാബിലെ അമൃത്സർ സ്വദേശിയാണ് ക്യാപ്റ്റൻ സൗരഭ് കാലിയ. യുപിഎസ്‌സി നടത്തിയ കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയിലൂടെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാലിയ 1998ൽ ആണ് സേനയുടെ ഭാഗമാകുന്നത്. 1999 ജനുവരിയിൽ കാർഗിൽ സെക്‌ടറിലെ ജാട്ട് റെജിമെന്‍റിലെ നാലാം ബറ്റാലിയനിലായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ പോസ്‌റ്റിങ്.

അന്ന് നടന്നതിങ്ങനെ:1999 മെയ് 15-ന്, ക്യാപ്റ്റൻ സൗരഭ് കാലിയയും മറ്റ് അഞ്ച് സൈനികരും ലഡാക്ക് പർവതനിരകളിലെ കക്‌സർ സെക്‌ടറിലെ ബജ്‌റങ് പോസ്റ്റിൽ പതിവ് പട്രോളിങ്ങിന് പോയി. മരങ്ങളില്ലാത്ത പ്രദേശമായിരുന്നു ഇത്. വളരെ പെട്ടെന്നായിരുന്നു പാകിസ്ഥാന്‍ സൈനികരുടെ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായത്.

എന്താണ് സംഭവിക്കുന്നത് എന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും അടുത്ത നിമിഷം ഇന്ത്യന്‍ സൈന്യവും തിരിച്ച് വെടിയുതിര്‍ത്തു. ഇരുവിഭാഗവും തമ്മില്‍ തുടർച്ചയായ വെടിവെപ്പുണ്ടാകുന്നു. കുറച്ച് സമയത്തിന് ശേഷം ക്യാപ്റ്റൻ കാലിയയുടെയും സംഘത്തിന്‍റെയും കയ്യിലുണ്ടായിരുന്ന വെടിയുണ്ടകള്‍ തീര്‍ന്ന് പോകുന്നു.

അവസരം മുതലെടുത്ത പാകിസ്ഥാൻ റേഞ്ചർമാരുടെ ഒരു പ്ലാറ്റൂൺ ഇന്ത്യന്‍ സംഘത്തെ വളഞ്ഞു. ഇവരെ ജീവനോടെ പിടികൂടി തടവിലാക്കി. തുടര്‍ച്ചയായ 22 ദിവസമാണ് ക്യാപ്‌റ്റന്‍ കാലിയയും സംഘവും ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നത്. 1999 ജൂൺ 9ന് പാക്കിസ്ഥാൻ സൈന്യം മൃതദേഹങ്ങൾ ഇന്ത്യക്ക് തിരികെ നൽകി.

പാകിസ്ഥാന്‍റെ 'കണ്ണില്ലാത്ത' ക്രൂരകതള്‍:പാകിസ്ഥാൻ സേനയുടെ പൈശാചികത വെളിപ്പെടുത്തുന്നതായിരുന്നു സൈനികരുടെ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. സൈനികരുടെ ശരീരത്തിലാകെ സിഗരറ്റ് വെച്ച് പൊള്ളിച്ചതിന്‍റെ പാടുകളുണ്ടായിരുന്നു. ചെവിയിലൂടെ പഴുപ്പിച്ച ഇരുമ്പ് കമ്പികൾ തുളച്ചു കയറ്റി.

ചുണ്ടുകളും മൂക്കും സ്വകാര്യ ഭാഗങ്ങളും കൈകാലുകളും മുറിച്ചെടുത്ത നിലയിലായിരുന്നു. സൈനികരുടെ കണ്ണുകൾ അടിച്ചു തകര്‍ത്ത ശേഷം അവ ചൂഴ്‌ന്നെടുത്തിരുന്നു. സൈനികരുടെ മൃതദേഹങ്ങളില്‍ മിക്ക പല്ലുകളും പൊട്ടിയ നിലയിലായിരുന്നു. എല്ലുകള്‍ പലതും തകര്‍ന്നിരുന്നു.

തലയോട്ടികളില്‍ മാരകമായ പൊട്ടലുണ്ടായിരുന്നു. ഈ മുറിവുകളെല്ലാം മരണത്തിന് മുമ്പ് ഉണ്ടായതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ സൈനികരെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

നീതിക്കായുള്ള പോരാട്ടം:ക്യാപ്റ്റൻ കാലിയയും സൈനികരും മരിച്ചത് മോശം കാലാവസ്ഥയെ തുടർന്നാണെന്നും അവരുടെ മൃതദേഹങ്ങൾ ഒരു കുഴിയിൽ കണ്ടെത്തിയതാണ് എന്നുമായിരുന്നു പാകിസ്ഥാൻ സർക്കാരിന്‍റെ വാദം. 1999 ഒക്‌ടോബറിൽ അന്നത്തെ കരസേന മേധാവി ജനറൽ വിപി മാലിക്, ക്യാപ്‌റ്റന്‍ കാലിയയുടെ വീട് സന്ദർശിക്കുകയും പ്രശ്‌നം ഇന്ത്യ ഗവൺമെന്‍റുമായി ചർച്ച ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു.

എന്നാല്‍ രണ്ട് രാജ്യങ്ങൾ ഉൾപ്പെട്ട സെൻസിറ്റീവ് പ്രശ്‌നമായതിനാല്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ), പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ), പ്രതിരോധ മന്ത്രാലയം (എംഒഡി) എന്നിവയ്ക്ക് മാത്രമേ ഇത് പരിഹരിക്കാൻ കഴിയൂ എന്ന് സൈന്യം പിന്നീട് ക്യാപ്റ്റൻ കാലിയയുടെ പിതാവിനെ അറിയിച്ചു. ഈ ഓഫിസുകളിലെല്ലാം പിതാവ് അപ്പീല്‍ സമര്‍പ്പിച്ചു.

1999ൽ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷൻ മുഖേന പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് പിതാവ് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. 2001ലെ ആഗ്ര ഉച്ചകോടിയുടെ തലേന്ന് പാകിസ്ഥാൻ പ്രസിഡന്‍റായിരുന്ന ജനറൽ പർവേസ് മുഷറഫുമായി 10 മിനിറ്റ് സംസാരിക്കണമെന്ന് ക്യാപ്‌റ്റന്‍ കാലിയയുടെ പിതാവ് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല.

ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചെങ്കിലും ഇത്തരം വിഷയങ്ങളിൽ നടപടിയെടുക്കാൻ അവകാശമില്ലെന്ന് അറിയിച്ചു. വിഷയത്തിൽ പാകിസ്ഥാനുമായി ഇടപെടാൻ സായുധ സേനാ ട്രൈബ്യൂണൽ ഇന്ത്യ ഗവൺമെന്‍റിനോട് നിര്‍ദേശിച്ചിരുന്നു. 2012-ൽ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്‌തു.

സർക്കാർ പ്രതികരണങ്ങൾ

വിഷയത്തിൽ പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര നീതി ന്യായ കോടതിയെ (ഐസിജെ) സമീപിക്കുന്നത് പ്രായോഗികമല്ലെന്ന് നരേന്ദ്ര മോദി സർക്കാർ വ്യക്തമാക്കി. ക്യാപ്റ്റൻ കാലിയയുടെ കുടുംബം സുപ്രീം കോടതിയിൽ അന്താരാഷ്‌ട്ര അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. ഇത് ഒരു ഉഭയകക്ഷി പ്രശ്‌നമാണെന്നും ഉഭയകക്ഷി പ്രശ്‌നങ്ങളിലോ ആഭ്യന്തര കാര്യങ്ങളിലോ ഐസിജെ ഇടപെടരുത് എന്നാണ് ഇന്ത്യയുടെ നിലപാട്.

Also Read :'5000 കിലോമീറ്റർ ക്ലാസ്' ബാലിസ്‌റ്റിക് മിസൈലുകളെ തടയും; ഇന്ത്യയുടെ സ്വന്തം മിസൈൽ ഷീൽഡ് പരീക്ഷണം വിജയം

ABOUT THE AUTHOR

...view details