ഹൈദരാബാദ് :വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്തിൽ ബിജെപിയോട് നന്ദിയറിച്ച് നടി കങ്കണ റണാവത്ത്. ബിജെപിക്ക് എന്നും തന്‍റെ നിരുപാധിക പിന്തുണ ഉണ്ടായിരുന്നെന്ന് കങ്കണ പ്രതികരിച്ചു. ഇന്നലെ ബിജെപിയുടെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിനു പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. തന്‍റെ ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുമാണ് വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കങ്കണ മത്സരിക്കുന്നത് (Feel Honoured and Elated: Kangana Ranaut Expresses Gratitude as She Officially Joins BJP).
'എന്‍റെ പ്രിയപ്പെട്ട ഭാരതത്തിന്‍റെയും ഭാരതീയ ജനതയുടെയും സ്വന്തം പാർട്ടിയായ ബിജെപിക്ക് എന്നും എന്‍റെ നിരുപാധിക പിന്തുണയുണ്ട്. ബിജെപിയുടെ ദേശീയ നേതൃത്വം എന്നെ ലോക്‌സഭ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയയിൽ നിന്നുമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച ഹൈക്കമാൻഡിൻ്റെ തീരുമാനത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു' എന്ന് പറഞ്ഞായിരുന്നു താരം തന്‍റെ എക്‌സിലൂടെ പ്രതികരണമറിയിച്ചത്.
പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വമെടുക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനവും അതിയായ സന്തോഷവുമുണ്ട്. യോഗ്യനായ ഒരു പാര്‍ട്ടി പ്രവർത്തകയും വിശ്വസ്‌തയായ ഒരു പൊതുപ്രവർത്തകയുമാകാൻ താൻ ആഗ്രഹിക്കുന്നെന്നും കങ്കണ കൂട്ടിച്ചേർത്തു. കൂടാതെ ബിജെപിയോട് നന്ദിയും അറിയിച്ചു.