ചെന്നൈ :കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറിയതായി മദ്രാസ് ഹൈക്കോടതി. വ്യാജ മദ്യം കഴിച്ച് 67 പേരാണ് കള്ളക്കുറിച്ചിയില്‍ മരിച്ചത്. എഐഎഡിഎംകെ ലീഗൽ സെക്രട്ടറി ഐഎസ് ഇൻബദുരൈ, അഡ്വക്കേറ്റ്സ് ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് പ്രസിഡൻ്റ് കെ ബാലു എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഡി കൃഷ്‌മകുമാർ, പിബി ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.
സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത മൂന്ന് കേസുകള്‍ കൂടി അന്വേഷിക്കാൻ സിബിഐക്ക് കോടതി നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും രണ്ടാഴ്‌ചക്കുള്ളിൽ സിബിഐക്ക് കൈമാറാൻ വില്ലുപുരം സിബി-സിഐഡിയെ ചുമതലപ്പെടുത്തി. കേന്ദ്ര ഏജൻസിക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാൻ സംസ്ഥാന പൊലീസിൻ്റെ സഹകരണം ഉണ്ടാകണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജൂണ്‍ 20നാണ് തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ 67 പേരുടെ ജീവനെടുത്ത വിഷമദ്യ ദുരന്തം ഉണ്ടായത്. ചെന്നൈയില്‍ നിന്ന് 250 കിലോമീറ്റര്‍ മാറി കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കലക്‌ടര്‍ ശ്രാവണ്‍ കുമാറിനെ അന്ന് സ്ഥലം മാറ്റിയിരുന്നു.