ചെന്നെെ: തമിഴ്‌നാട്ടിലെകള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ 65 ആയി. 148 പേർ ചികിത്സയ്‌ക്ക് ശേഷം ആശുപത്രി വിട്ടതായും ജില്ല കലക്‌ടറേറ്റ് അറിയിച്ചു. നിലവിൽ വിവിധ ആശുപത്രികളിലായി 16 പേരാണ് ചികിത്സയിലുള്ളത്. നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അന്വേഷണം നടത്താൻ എൻസിഡബ്ല്യു അംഗം ഖുശ്ബു സുന്ദറിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയമിച്ചു.
നിലവിൽ രണ്ട് പേർ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിലും ആറ് പേർ പുതുച്ചേരിയിലും എട്ട് പേർ സേലത്ത് സർക്കാർ ആശുപത്രികളിലും ചികിത്സയിലാണ്. ഖുശ്ബു സുന്ദറിൻ്റെ നേതൃത്വത്തിലുള്ള ദേശീയ വനിത കമ്മിഷനിലെ മൂന്നംഗ പ്രതിനിധികൾ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ചിരുന്നു. ബിജെപി നേതാക്കളായ അനിൽ ആൻ്റണി, അരവിന്ദ് മേനോൻ, എംപി ജികെ വാസൻ എന്നിവരടങ്ങുന്ന എൻഡിഎ പ്രതിനിധികൾ ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ കിഷോർ മക്വാനയ്‌ക്ക് വ്യാജ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്‌ടപരിഹാരം ലഭിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ചെയർമാനോട് അഭ്യർത്ഥിച്ചിരുന്നു.