കേരളം

kerala

ETV Bharat / bharat

മോദി സ്വയം പ്രഖ്യാപിത വിശ്വഗുരു, 10 വര്‍ഷം രാജ്യത്തിന് 'അന്യായ്‌ കാല്‍' : ജയറാം രമേശ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്‌. പ്രധാനമന്ത്രിയുടേത് അന്യായ പ്രവര്‍ത്തികളെന്നും കുറ്റപ്പെടുത്തല്‍. രാജ്യം കുടുംബമാണെങ്കില്‍ തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും എന്തുകൊണ്ട് പരിഹരിച്ചില്ലെന്നും ചോദ്യം.

Jairam Ramesh Criticized PM  Jairam Ramesh  PM Narendra Modi  ജയറാം രമേശ്‌  പ്രധാനമന്ത്രി നരേന്ദ്ര മോദി
Congress Leader Jairam Ramesh Against PM Narendra Modi

By ETV Bharat Kerala Team

Published : Mar 5, 2024, 3:15 PM IST

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. 10 വര്‍ഷമായി രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും ജനങ്ങള്‍ക്കിടയിലെ ഭിന്നിപ്പും വര്‍ധിച്ച് വരികയാണെന്നും അതുകൊണ്ട് ഇത് അന്യായ്‌ കാലമാണെന്നും (Anyaay Kaal) കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്‌ പറഞ്ഞു. 'എന്‍റെ രാജ്യം, എന്‍റെ കുടുംബം' എന്നാണ് പ്രധാനമന്ത്രി എപ്പോഴും പറയുന്നത്. എന്നിട്ടും രാജ്യത്തെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്തുകൊണ്ട് അദ്ദേഹം പരിഹാരം കണ്ടില്ലെന്നും ജയറാം രമേശ്‌ ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെലങ്കാനയിലും തമിഴ്‌നാട്ടിലുമെത്തി കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. കോണ്‍ഗ്രസ് കുടുംബ രാഷ്‌ട്രീയമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതില്‍ പ്രതികരിക്കുകയായിരുന്നു ജയറാം രമേശ്‌.

ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത് രാജ്യത്തെ ജനങ്ങള്‍ക്കാണ്. പണപ്പെരുപ്പം, തൊഴിലില്ലായ്‌മ, സാമ്പത്തിക അസ്ഥിരതകൾ എന്നിവകള്‍ക്കെതിരെയാണ് തങ്ങള്‍ ശബ്‌ദമുയര്‍ത്തുന്നത്. 140 കോടി ഇന്ത്യക്കാർ അദ്ദേഹത്തിന്‍റെ കുടുംബമാണെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം ജനങ്ങളുടെ വിശ്വാസം തകർത്തതെന്നും ജയറാം രമേശ്‌ ചോദിച്ചു.

തുടര്‍ച്ചയായ 10 വര്‍ഷം സ്വന്തം കുടുംബത്തിന് അന്യായ കാലമാണ്. പ്രധാനമന്ത്രി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വവും പ്രവര്‍ത്തന രീതികളും തികച്ചും അന്യായമാണെന്നും ജയറാം രമേശ്‌ കുറ്റപ്പെടുത്തി.

മാര്‍ക്കറ്റിങ്ങിനും റീബ്രാന്‍ഡിങ്ങിനും വേണ്ടിയാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത്. സ്വയം പ്രഖ്യാപിത വിശ്വഗുരുവാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പദവിയെ തങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ ബഹുമാനം ലഭിക്കണമെങ്കില്‍ മാന്യമായി പെരുമാറേണ്ടതുണ്ട്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന തെലങ്കാനയിലും ഡിഎംകെ ഭരണമുള്ള തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി പ്രധാനമന്ത്രി പ്രതിപക്ഷത്തെ ആക്ഷേപിക്കുകയാണ്.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ :തന്‍റെ സര്‍ക്കാര്‍ രാജ്യത്തിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. ഇന്ത്യാസഖ്യത്തില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ് ബിജെപി. ഇന്ത്യ കുടുംബ രാഷ്‌ട്രീയത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ മോദി രാജ്യത്തിന് മുന്‍ഗണന നല്‍കുന്നുവെന്നും അദ്ദേഹം ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത് പറഞ്ഞു.

കോൺഗ്രസും ഡിഎംകെയും ഇന്ത്യൻ സഖ്യവുമായി ബന്ധപ്പെട്ട പാർട്ടികളും അഴിമതിയുടെ പര്യായങ്ങളാണ്. അവര്‍ക്ക് അവരുടെ കുടുംബമാണ് എല്ലാം. തന്നെ വിമര്‍ശിക്കാന്‍ ഇന്ത്യാസഖ്യത്തിലെ നേതാക്കള്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്.

മോദിക്ക് കുടുംബമില്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസും ഡിഎംകെയും വിമര്‍ശനവുമായി രംഗത്തെത്തുന്നത്. എന്നാല്‍ കുടുംബമുള്ളവര്‍ക്ക് അഴിമതി നടത്താന്‍ അധികാരമുണ്ടോയെന്നാണ് തന്‍റെ ചോദ്യമെന്നും അദ്ദേഹം ആരാഞ്ഞു. താന്‍ കുടുംബം വിട്ടുപോന്നത് രാജ്യത്തിന് വേണ്ടിയാണ്. എന്‍റെ കുടുംബം 140 കോടി ജനങ്ങളുള്ള ഈ രാജ്യമാണ്.

വിമര്‍ശിച്ച് ലാലു പ്രസാദ് യാദവ് : പ്രധാനമന്ത്രി നരേന്ദ്ര മോദി മതത്തിന്‍റെ പേരില്‍ രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഇക്കാലത്തും കുടുംബ രാഷ്‌ട്രീയത്തെ കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. മോദിക്ക് കുടുംബമില്ല. നിങ്ങള്‍ ഒരു ഹിന്ദു പോലുമല്ല. നിങ്ങളുടെ അമ്മ മരിച്ച സമയത്ത് ഹിന്ദു ആചാര പ്രകാരം മുടിയും താടിയും കളയുന്നത് പോലും നിങ്ങള്‍ ചെയ്‌തില്ല. അപ്പോഴും രാജ്യത്ത് വിദ്വേഷം പടര്‍ത്താനാണ് നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നതെന്നും ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details