ന്യൂഡല്‍ഹി:തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലില്‍ കഴിയുന്ന അമൃത്പാല്‍ സിങ്ങും ഷെയ്ഖ് അബ്‌ദുള്‍ റാഷിദും 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പട്ടിരിക്കുന്നു. ഇവരെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കാന്‍ അനുവദിക്കമോ? തങ്ങളുടെ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് പാര്‍ലമെന്‍റില്‍ പ്രവേശിക്കാനോ സാധിക്കുമോ എന്നിവയാണ് ഇപ്പോള്‍ ഉയരുന്ന വലിയ ചോദ്യങ്ങള്‍.
തീവ്ര സിഖ് പ്രചാരകനായ അമൃത്പാല്‍ സിങ്ങ് പഞ്ചാബിലെ ഖഡൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കിയെന്നാരോപിച്ച് ശിക്ഷ അനുഭവിക്കുന്ന ഷെയ്‌ഖ് അബ്‌ദുള്‍ റാഷിദ് എന്ന എന്‍ജിനീയര്‍ റാഷിദ് ജമ്മു കശ്‌മീരിലെ ബാരാമുള്ളയില്‍ നിന്നാണ് വിജയിച്ചത്. തങ്ങള്‍ക്കെതിരെ പൊരുതിയ വമ്പന്‍മാരെ നിലംപരിശാക്കിയാണ് ഇവരുടെ മിന്നും വിജയം എന്നതും ശ്രദ്ധേയമാണ്.
2019 ഓഗസ്‌റ്റ് ഒന്‍പത് മുതല്‍ ഇയാള്‍ ഇയാള്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കിയ കുറ്റത്തിനാണ് ഇയാള്‍ ജയിലില്‍ കഴിയുന്നത്. അമൃത്പാല്‍ സിങ്ങ് 2023 ഏപ്രിലിലാണ് അറസ്‌റ്റിലായത്. ദേശീയ സുരക്ഷ നിയമപ്രകാരമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ അസമിലെ ദിബ്രുഗഡ് ജയിലിലിലാണ്.
ഇത്തരം സംഭവങ്ങളില്‍ ഭരണഘടന ചട്ടങ്ങള്‍ പാലിക്കണമെന്നാണ് മുന്‍ ലോക്‌സഭ സെക്രട്ടറിയും ഭരണഘടന വിദഗ്‌ധനുമായ പിഡിടി ആചാരി പറയുന്നതത്. എംപിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുക എന്നത് ഒരു ഭരണഘടനാ അവകാശമാണ്. എന്നാല്‍ ഇപ്പോള്‍ ഇരുവരും ജയിലില്‍ കഴിയുന്നതിനാല്‍ ഇവര്‍ക്ക് അധികാരികളുടെ പ്രത്യേക അനുമതിയോടെ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് എത്താനാകൂ. ഇതിന് പുറമെ ഇവര്‍ക്ക് ജയിലധികൃതരുടെ സാന്നിധ്യത്തില്‍ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് എത്താനും സാധിക്കൂ.