ശ്രീനഗര്‍: ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ചരിത്രപരമായ പ്രമേയം പാസാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പുള്ള കശ്‌മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ചർച്ച നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ശബ്‌ദ വോട്ടോടെയാണ് നിയമസഭ പാസാക്കിയത്. ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ് പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്.
എന്നാല്‍ ആർട്ടിക്കിൾ 370 റദ്ദാക്കരുതെന്നും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമസഭയില്‍ പ്രതഷേധിച്ചു. കശ്‌മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനുള്ള പ്രമേയത്തെ ബിജെപി നേതാവും ലോപി സുനിൽ ശർമ്മയും എതിർത്തതോടെ സഭ ബഹളത്തിന് സാക്ഷ്യം വഹിച്ചു. കശ്‌മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതെന്ന് പ്രമേയത്തില്‍ വ്യക്തമാക്കി.
ജമ്മു കശ്‌മീരിലെ ജനങ്ങളുടെ വ്യക്തിത്വം, സംസ്‌കാരം, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്ന പ്രത്യേക പദവി ഭരണഘടനാ ഉറപ്പുകളോടെയും പ്രാധാന്യത്തോടെയും വീണ്ടും പുനഃസ്ഥാപിക്കുമെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന് കശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള വ്യക്തമാക്കിയിരുന്നു.
നാഷണല്‍ കോണ്‍ഫറൻസിന്‍റെ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനവും ഇതുതന്നെയായിരുന്നു. അതേസമയം അഞ്ച് വര്‍ഷത്തിന് ശേഷമാണ് ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഗവര്‍ണര്‍ ഭരണത്തിന് മുമ്പ് കശ്‌മീര്‍ ഭരിച്ച എൻഡിഎ സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നു.
ആര്‍ട്ടിക്കിള്‍ 370 പ്രകാരം കശ്‌മീരിന്‍റെ പ്രത്യേകാധികാരം എന്നാല്‍ എന്ത്?
ഭരണഘടനയിലെ 370-ാം അനുച്‌ഛേദം ജമ്മു കശ്‌മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നു. ഇതുപ്രകാരം പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയൊഴികെയുള്ള മറ്റ് ഇന്ത്യന്‍ നിയമങ്ങള്‍ ജമ്മു കശ്‌മീരിന് ബാധകമാകില്ല. കേന്ദ്രസര്‍ക്കാരിന് ഉള്‍പ്പെടെ മറ്റ് നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക അനുമതി ലഭിക്കണം.